അസമില്‍ ദേശീയപാത 39ന് സമീപം യുവാവിനെ ചവിട്ടിയരച്ച് കാട്ടാന. തേയിലത്തോട്ടത്തിലിറങ്ങിയ കാട്ടാനകളെ തുരത്താനിറങ്ങിയ ആളുകളുടെ ശ്രമം അപകടത്തില്‍ കലാശിക്കുകയായിരുന്നു. ജൂലൈ 25നാണ് സംഭവം. ശബ്ദമുണ്ടാക്കിയും പാത്രം കൊട്ടിയും ബഹളമുണ്ടാക്കിയപ്പോള്‍ കാട്ടാന തിരിഞ്ഞ് വന്ന് ആക്രമിക്കുകയായിരുന്നു. മുപ്പതോളം ആനകള്‍ അടങ്ങുന്ന കാട്ടാനക്കൂട്ടമാണ് തേയിലത്തോട്ടത്തിലിറങ്ങിയത്. ഇവയെ റോഡിന് മറുവശത്തേക്ക് ഓടിക്കാനുള്ള ശ്രമങ്ങളിലായിരുന്നു നാട്ടുകാര്‍.
ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമായിരുന്നു ആനകളെ തുരത്തിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഒരു ആന ആളുകള്‍ക്ക് നേരെ ചീറിയടുത്തത്. പാസ്കല്‍ മുണ്ട എന്ന യുവാവ് ഓടുന്നതിനിടയില്‍ വീണുപോവുകയായിരുന്നു. ഇയാളെ റോഡിലിട്ട് ചവിട്ടിയരച്ച ശേഷമാണ് കാട്ടാന കലി തീര്‍ത്തത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും പാസ്കല്‍ മുണ്ടയെ രക്ഷിക്കാനായില്ല. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പാസ്കല്‍ മുണ്ടയെന്നാണ് സൂചന. കൂട്ടമായി നീങ്ങുന്ന ആനകള്‍ സാധാരണ ഗതിയില്‍ അക്രമകാരികള്‍ ആവാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
A human lost his life. I wonder whom to blame. pic.twitter.com/KQVGzRq0Ca
— Parveen Kaswan, IFS (@ParveenKaswan) July 26, 2021
നാട്ടുകാര്‍ ഓടിക്കാനായി ശബ്ദമുണ്ടാക്കിയതും പടക്കം പൊട്ടിച്ചതുമാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 812 പേരാണ് അസമില്‍ മാത്രം വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചിട്ടുള്ളത്. മനുഷ്യനും വന്യജീവികളും തമ്മില്‍ ഏറ്റുമുട്ടല്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് സംസ്ഥാന സര്‍ക്കാര്‍ വിശദമാക്കുന്നത്.