കൊളംബോ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ് ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള മുരളി ഏകദിനങ്ങളിൽ 534 വിക്കറ്റുകളും എറിഞ്ഞിട്ടു. കളിക്കുന്ന കാലത്ത് മുരളിയുടെ പ്രത്യേക ബൗളിംഗ് ആക്ഷനെക്കുറിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
പന്തെറിയുമ്പോൾ മുരളി നിശ്ചിത പരിധിയിലധികം കൈമടക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.തുടർന്ന് ഓസ്ട്രേലിയൻ അമ്പയർ ഡാരെൽ ഹെയർ മുരളിയെ ഒരു മത്സരത്തിൽ പലതവണ നോ ബോൾ വിളിച്ചു. പിന്നീട് മുരളിയുടെ ബൗളിംഗ് ആക്ഷനിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നും കൈയുടെ പ്രത്യേേകതകൊണ്ടാണ് പരിധിയിൽ കൂടുതൽ കൈമടക്കുന്നതായി തോന്നുന്നതെന്നും ഐസിസി പരിശോധനയിൽ കണ്ടെത്തി.
എന്നാൽ ഇപ്പോൾ മുരളീധരന്റെ മകനാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മുരളിയുടെ അതേ ബൗളിംഗ് ആക്ഷനുമായാണ് മകൻ നരേന്റെ വരവ്. നെറ്റ്സിൽ പന്തെറിയുന്ന നരേന്റെ വീഡിയോ മുരളി തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. മുരളി പങ്കുവെച്ച വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
Father and Son Time! Video credits @SunRisers pic.twitter.com/Jv8fYOAZcp
— Muthiah Muralidaran (@Murali_800) July 15, 2021
ശ്രീലങ്കക്കായി 133 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മുരളീധരൻ 22.7 ശരാശരിയിലാണ് 800 വിക്കറ്റുകൾ വീഴ്ത്തിയത്. ഏകദിനത്തിൽ 534 വിക്കറ്റും ടി20യിൽ 13 വിക്കറ്റുകളും മുരളി നേടിയിട്ടുണ്ട്.