മംഗളൂരു : ദക്ഷിണ കന്നഡ, കേരളം എന്നിവിടങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവും തമിഴ് യുവതിയും പിടിയിൽ.
ഉപ്പള മംഗൽപാടി ചെറുഗോളിയിലെ ടി.അജ്മൽ തൊട്ട (24), കന്യാകുമാരി നാഗർകോവിൽ റാണിത്തോട്ടം ശങ്കർനഗർ സ്വദേശിനിയും മംഗളൂരുവിലെ എം.ബി.ബി.എസ്. വിദ്യാർഥിനിയുമായ മംഗളൂരു സൂറത്കലിൽ താമസിക്കുന്ന മിനു രശ്മി മുരുഗൻ രജിത (27) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 1.2366 കിലോ ഹൈഡ്രോ വീഡ് കഞ്ചാവ് (മണ്ണിൽ കുഴിച്ചിടാതെ വെള്ളത്തിൽ വളർത്തിയെടുത്ത കഞ്ചാവ്) പിടിച്ചെടുത്തു. ഇതിന് ഇന്ത്യൻ വിപണിയിൽ 30 ലക്ഷം മുതൽ ഒരുകോടി രൂപ വരെ വിലവരുമെന്ന് മംഗളൂരു പോലീസ് കമ്മിഷണർ എൻ.ശശികുമാർ അറിയിച്ചു.
വിദേശത്ത് ഡോക്ടറായ കാസർകോട് സ്വദേശി നദീർ ആണ് മുഖ്യ പ്രതിയെന്നും ഇയാൾ ഒളിവിലാണെന്നും കമ്മിഷണർ വ്യക്തമാക്കി. മംഗളൂരു, ഉള്ളാൾ, ദർലക്കട്ട, ഉപ്പള, കൊണാജെ, കാസർകോട് മേഖലകളിൽ കഞ്ചാവ് വിതരണംചെയ്യുന്നവരാണ് അറസ്റ്റിലായവർ. ഇവരിൽനിന്ന് കാർ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.