കുട്ടികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്സീൻ സെപ്റ്റംബർ മാസത്തോടെ സജ്ജമാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. സെപ്റ്റംബർ ആദ്യവാരത്തോടെ ഫൈസർ, കോവാക്സീൻ, സൈഡസ് എന്നിവയുടെ ഡോസുകൾ കുട്ടികള്‍ക്ക് നൽകിത്തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 42 കോടി വാക്സീനാണ് ഇന്ത്യ ഇതിനകം വിതരണം ചെയ്തത്. രാജ്യത്തെ മുതിർന്നവരുടെ വാക്സീനേഷൻ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതേസമയം മൂന്നാം തരംഗം അധികം വൈകാതെ ഇന്ത്യയിലും ആരംഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ മൂന്നാം തരംഗം തീവ്രമാകുമെന്നും വിലയിരുത്തലുണ്ട്.