സെക്രട്ടറിയേറ്റ് വിളിച്ചുചേര്‍ക്കില്ല; കാസിം ഇരിക്കൂറിന്റെ ശബ്ദസന്ദേശവും പുറത്ത്, ഐ.എന്‍.എല്ലില്‍ ഭിന്നത രൂക്ഷം

0
279

കോഴിക്കോട്: ഐ.എന്‍.എല്‍. നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കാത്തതില്‍ പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്തായതിന് പിന്നാലെ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ശബ്ദസന്ദേശവും പുറത്തായി.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറല്‍ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലുള്ളത്. എന്നാല്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റ് യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ മറുപടി.

ഉന്നതാധികാരസമിതി ചേരുമ്പോള്‍ സെക്രട്ടറിയേറ്റ് വിളിക്കേണ്ടെന്നാണ് കാസിമിന്റെ നിലപാട്.

പാര്‍ട്ടി സെക്രട്ടറിയേറ്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാണ് അബ്ദുള്‍ വഹാബ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെടുന്ന അബ്ദുള്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്തായി.

ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ക്കുന്നില്ലെങ്കില്‍ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും താനതിനു തയാറാകുമെന്നും അബ്ദുള്‍വഹാബ് പറയുന്നുണ്ട്.

‘മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം ഇതുവരെ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്,’ ശബ്ദസന്ദേശത്തില്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടേറിയറ്റ് വിളിച്ചുചേര്‍ക്കാന്‍ താന്‍ സെക്രട്ടറിയോട് നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടതാണെന്നും അബ്ദുള്‍വഹാബ് പറയുന്നു.

നേരത്തെ പി.എസ്.സി. കോഴവിവാദത്തില്‍ ഐ.എന്‍.എല്ലിനെ സി.പി.ഐ.എം താക്കീത് ചെയ്തിരുന്നു. ഇടതുമുന്നണിയ്ക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.ഐ.എം. മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയര്‍ന്നത്. വിഷയത്തില്‍ ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here