കണ്ണൂർ: സിഎഎ വിരുദ്ധ സമരം നടത്തിയ മുസ്ലിം യുവതികളുടെ ചിത്രങ്ങൾ ഓൺലൈൻ ആപ്പിലിട്ട് അപമാനിക്കുന്നതായി പരാതി. കണ്ണൂർ സ്വദേശി ഉൾപ്പെടെ നൂറോളം യുവതികളുടെ പ്രൊഫൈലുകളാണ് ആപ്ലിക്കേഷനിൽ വിൽപ്പനയ്ക്ക് എന്ന രീതിയിൽ പ്രസിദ്ധീകരിച്ചത്. അന്വേഷണമാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ചിറക്കൽ സ്വദേശി ലദീദ ഫർസാന പരാതി നൽകി.
സോഷ്യൽ മീഡിയയിൽ സജീവമായ മുസ്ലീം യുവതികളുടടെ ചിത്രമടക്കം ലൈംഗീക വാണിഭ സൈറ്റിൽ പ്രസിദ്ധീകരിച്ചാണ് അപകീർത്തിപ്പെടുത്താൻ ശ്രമം. ഇതിനായി ആദ്യം ചെയ്യുന്നത് വ്യാജ മെയിൽ ഐഡിയും ഐപി അഡ്രസും ഉപയോഗിച്ച് ഒരു ആപ്പ് നിർമ്മിക്കുന്നു. പിന്നീട് ഇതിലേക്ക് തങ്ങളുദ്ദേശിക്കുന്ന കുട്ടികളുടെ ചിത്രവും സോഷ്യൽ മീഡിയ അക്കൗണ്ടും ചേർത്ത് വിൽപനക്ക് എന്ന് പരസ്യം നൽകും. ഇതുകണ്ട് ആളുകൾ ബന്ധപ്പെടുമ്പോഴാണ് പെൺകുട്ടികൾ ചതി മനസിലാകുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയാണ് സൈബററ്റാക്ക് നടന്നത്.
ദില്ലി പൊലീസിൽ പരാതിപ്പെട്ടതോടെ ആപ്പിന് പൂട്ട് വീണു. പക്ഷെ ട്വിറ്ററിലടക്കം പെണ്‍കുട്ടികളുടെ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ആപ്പുണ്ടാക്കിയവരെന്ന് സംശയിക്കുന്ന വ്യാജ ഐഡികൾ ഇപ്പോഴും സാമുഹ്യ മാധ്യമങ്ങളിൽ ഭീഷണിയുമായി നടക്കുന്നുണ്ടെന്നും യുവതികൾ പരാതിപ്പെടുന്നു.