തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള ലോക്ക്ഡൗണിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. 83 ദിവസം അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കുറയാത്തതിൽ ഇന്നലെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ബുധനാഴ്ചയ്ക്കകം ബദൽ നിർദ്ദേശം സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. താഴേത്തട്ടിൽ നിയന്ത്രണം പരിമിതപ്പെടുത്താനാണ് സാധ്യത.
നിലവിലെ അടച്ചുപൂട്ടലിനെതിരെ വ്യാപക എതിർപ്പുകൾ ഉയരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സർക്കാറിന്‍റെ പുനരാലോചന. അതേ സമയം ഇന്നും നാളെയും വാരാന്ത്യ ലോക് ഡൗൺ തുടരും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകൾ സന്ദർശിക്കും. ആറംഗ സംഘമാണ് പത്തുജില്ലകളിലെ സന്ദർശനത്തിന് എത്തിയത്. എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സാഹചര്യം വിലയിരുത്തുക. തിങ്കളാഴ്ച്ചയാണ് ആരോഗ്യവകുപ്പുമായുള്ള നിർണായക കൂടിക്കാഴ്ച്ച.
ഉന്നത ഉദ്യോഗസ്ഥരെയും ആരോഗ്യമന്ത്രിയെയും സംഘം കാണും. ആഘോഷ വേളകൾ വരാനിരിക്കെ നിയന്ത്രണങ്ങളിലും വ്യാപനം സംബന്ധിച്ചും സംഘം നൽകുന്ന നിർദേശം പ്രധാനമാണ്. സമ്പർക്ക പട്ടിക കണ്ടെത്തി വ്യാപനം തടയുന്നതിൽ പാളിച്ചയുണ്ടായെന്ന് നേരത്തെ കേന്ദ്ര സംഘങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.