ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി. അത്തരം വാട്‌സാപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് കരാറുകള്‍ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘ഈ ദിവസത്തെ വാട്‌സാപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. സാമൂഹിക മാധ്യമങ്ങളില്‍ എന്തും സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയും. വാട്‌സാപ്പ് സന്ദേശങ്ങള്‍ തങ്ങള്‍ തെളിവായി കണക്കാക്കില്ല’- ബെഞ്ച് വ്യക്തമാക്കി.
സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരു കണ്‍സോര്‍ഷ്യവും മാല്യന്യം ശേഖരിച്ച് കൊണ്ടുപോകുന്ന ഒരു സ്ഥാപനവും തമ്മിലുള്ള 2016-ലെ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചിട്ടുള്ള മറ്റു സുപ്രധാന കേസുകളില്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം കാര്യമായി ബാധിക്കുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.