നെട്ടൂർ: ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ കേക്കുണ്ടാക്കി കൊണ്ടുപോകവേ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്ന് വിദ്യാർഥികൾ മരിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. നെട്ടൂർ ബീന മൻസിൽ (പെരിങ്ങോട്ടുപറമ്പ്) നവാസ്-ഷാമില ദമ്പതിമാരുടെ മക്കളായ അസ്ന (22- പെരുമ്പാവൂർ നാഷണൽ കോളേജ് ബി.എഡ്. വിദ്യാർഥിനി), ആദിൽ (18-തൃപ്പൂണിത്തുറ ഗവ. ജി.എച്ച്.എസ്.എസ്. പ്ലസ് ടു വിദ്യാർഥി), കോന്തുരുത്തി മണലിൽ പോളിന്റെയും (ഷിപ്പ് യാർഡ്) ഹണിയുടെയും മകൻ എബിൻ പോൾ (20- കളമശ്ശേരി സെയ്ന്റ് പോൾസ് കോളേജ് വിദ്യാർഥി) എന്നിവരാണു മരിച്ചത്.
എബിന്റെ സുഹൃത്ത് കോന്തുരുത്തി സ്വദേശി പ്രവീണാണ് രക്ഷപ്പെട്ടത്. കോന്തുരുത്തി തേവര കായലിൽ വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനു നൽകാനായി അസ്നയും ആദിലും വീട്ടിൽ ഉണ്ടാക്കിയതായിരുന്നു കേക്ക്. കോന്തുരുത്തിയിൽനിന്ന് ഫൈബർ വഞ്ചിയിലാണ് എബിനും പ്രവീണും എത്തിയത്. വ്യവസായ മേഖലയിലേക്ക് ബാർജുകൾ പോകുന്ന ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ നിലയില്ലാ ഭാഗത്ത് എത്തും മുൻപ് വഞ്ചി മറിഞ്ഞു. നീന്തി വരികയായിരുന്ന പ്രവീണിനെ നെട്ടൂർ പടന്നക്കൽ പൗലോസാണ് (ഉണ്ണി) രക്ഷപ്പെടുത്തിയത്.
വിവരമറിഞ്ഞ് ഉടൻ എത്തിയ പോലീസും മുങ്ങൽ വിദഗ്ധരും തിരച്ചിൽ തുടങ്ങി. മരട് നഗരസഭയുടെ നാല് ആംബുലൻസുകളും സജ്ജമായിരുന്നു. ഒന്നര മണിക്കൂറിനു ശേഷം അസ്നയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. ഒഴുക്ക് ഇല്ലാത്ത ഭാഗത്തായതിനാലാണ് മൃതദേഹം പെട്ടെന്നു കിട്ടിയത്. പിന്നാലെ മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തി. ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്കു വിട്ടുകൊടുക്കും. എബിന്റെ സഹോദരൻ ആൽബിൻ.