കോഴിക്കോട് ∙ ഭിന്നതയെത്തുടര്‍ന്ന് സിപിഎം ഇടപെട്ടു താക്കീത് നല്‍കിയ െഎഎന്‍എല്ലില്‍ പുതിയ വിവാദം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മുസ്‌ലിം ലീഗ് എംപിയില്‍നിന്നു 3 ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന ആരോപമാണ് തര്‍ക്കത്തിന് വഴിവച്ചിരിക്കുന്നത്. ആക്ഷേപം അടിസ്ഥാനരഹിതമാണന്ന് മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണമാണ് െഎഎന്‍എല്ലിന് പുതിയ തലവേദയായത്. കോഴിക്കോട് സൗത്തില്‍ മത്സരിച്ച അഹമ്മദ് ദേവര്‍കോവിലിന്റ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലീഗ് എംപിയില്‍നിന്നു 3 ലക്ഷം രൂപ വാങ്ങിയെന്നാണ് സെക്രട്ടറിയുടെ പരാമര്‍ശം. ലീഗ് നേതാക്കളും അഹമ്മദ് ദേവര്‍കോവിലും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ ആരോപണം ശരിയല്ലെന്നാണ് ദേവര്‍കോവിലിന്റെ പ്രതികരണം.
ശബ്ദരേഖ പുറത്തുവിട്ടയാളെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തെന്ന് െഎഎന്‍എല്‍ നേതൃത്വം വിശദീകരിച്ചു. തിക്കോടിയിലും നരിക്കുനിയിലും ലീഗ് നേതാക്കള്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ പങ്കെടുത്തെന്നും ലീഗ് നേതാവിനൊപ്പം താമരശ്ശേരി ബിഷപ്പിനെ കണ്ടെന്നുമുള്ള ആക്ഷേപങ്ങള്‍ ദേവര്‍കോവിലിനെതിരെ നേരത്തെയുണ്ട്. 25 വര്‍ഷങ്ങള്‍ക്കുശേഷം ലീഗ് വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച മണ്ഡലമാണ് കോഴിക്കോട് സൗത്ത്.