ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവന്‍. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തന്നെ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അവരുടെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നില്ലായെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഐസിഎംആറിന്റെ നിര്‍ദേശം.
‘ഇന്ത്യയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാവാം. എന്നാല്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, അധ്യാപകര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം.’ എന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം.
മുതിര്‍ന്നവരേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്നും അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ 1-5 വരെയുള്ള ക്ലാസുകള്‍ തുറക്കാനും ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ് ആണെന്നും അദ്ദേഹം പറഞ്ഞു.
ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ നിര്‍ദേശിച്ചിരുന്നു.