തിരുവനന്തപുരം: കൊല്ലം എം.എല്‍.എ. മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ്. സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച വിദ്യാര്‍ത്ഥിയോട് ഭീഷണിപ്പെടുത്തി സംസാരിച്ചെന്ന് കാണിച്ചാണ് എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പരാതി നല്‍കിയത്.
മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം.എസ്.എഫ്. കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ എം.എല്‍.എക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച കുട്ടിയെ മുകേഷ് മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ വിശദീകരണവുമായി മുകേഷ് രംഗത്ത് എത്തി. തനിക്ക് നിരന്തരം ഇത്തരം ഫോണ്‍ കോളുകള്‍ വരാറുണ്ടെന്നും ഇത് മനപൂര്‍വ്വം തന്നെ കുടുക്കാന്‍ വേണ്ടി ചെയ്തതാണെന്നും മുകേഷ് പറഞ്ഞു.
ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു മുകേഷിന്റെ വിശദീകരണം. പ്രധാന മീറ്റിംഗില്‍ ഇരിക്കുന്ന സമയത്ത് ആറു തവണ വിളിച്ചപ്പോഴാണ് പാലക്കാട് എം.എല്‍.എയെ അറിയുമോ എന്ന തരത്തില്‍ ചോദിച്ചതെന്നും മുകേഷ് പറഞ്ഞു.
തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും താന്‍ നേരത്തെ ഇത്തരം വിഷയങ്ങളില്‍ ഇരൈവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ട്രെയിന്‍ ലേറ്റ് ആണോ, കറണ്ടു പോയി എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. ചിലര്‍ കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്നുണ്ടെന്നും റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസിലായെന്ന് പറയുമ്പോള്‍ ഫോണ്‍ കട്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാന്‍ പോവുകയാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
ഫോണില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച കുട്ടിയോട് സ്വന്തം നാട്ടിലെ എം.എല്‍.എയോട് പറയൂ എന്നാണ് മുകേഷ് പറഞ്ഞത്. ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞിട്ടും തന്നെ വിളിച്ചതെന്തിനാണെന്നും മുകേഷ് ചോദിക്കുന്നുണ്ട്.
ഫോണ്‍ ഒരു കൂട്ടുകാരന്‍ തന്നാതാണെന്ന് കുട്ടി പറയുമ്പോള്‍ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞു.
ഫോണ്‍ റെക്കോര്‍ഡ് പ്രചരിച്ചതിന് ശേഷമാണ് വിശദീകരണവുമായി മുകേഷ് രംഗത്തെത്തിയത്.
മുകേഷിന്റെ വിശദീകരണം
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പലയിടങ്ങളില്‍ നിന്ന് എനിക്ക് നിരന്തരമായി കോളുകള്‍ വരുന്നുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് ഫോണിന്റെ ചാര്‍ജ് തീരുന്ന തരത്തില്‍ തനിക്ക് കോളുകള്‍ വരുന്നുണ്ട്. പലയിടങ്ങളില്‍ നിന്നുള്ളവരാണ് വിളിക്കുന്നത്. ചിലര്‍ക്ക് ട്രെയിന്‍ ലേറ്റ് ആണോ എന്നാണ് അറിയേണ്ടത്. ചിലര്‍ ഇവിടെ കറണ്ട് പോയിട്ടുണ്ടെന്ന് പറയും. ഇതൊക്കെ ആരോ മനപൂര്‍വ്വം ദുരുദ്ദേശപരമായി എന്നെ പ്രകോപിക്കുന്നതിനായി പറയുന്നതാണ്. ഇത്രയും നാളായി അവര്‍ക്ക് വിജയിക്കാന്‍ പറ്റിയിട്ടില്ല.
ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചു വിളിക്കാറും ഉണ്ട്. പക്ഷെ ഇത് എന്തോ വലിയ പ്ലാനിംഗിന്റെ ഭാഗമാണ്.
ആ കുട്ടി വിളിക്കുമ്പോള്‍ ഞാന്‍ ഒരു സൂം മീറ്റിംഗിലാണ്.ഞാന്‍ അങ്ങോട്ട് വിളിക്കാം. ഒരു മീറ്റിംഗിലാണെന്ന് ആ കുട്ടിയോട് പറയുന്നുണ്ട്. ആറാമതും നിര്‍ത്താതെ വിളിച്ചപ്പോള്‍ സൂം മീറ്റിംഗ് കട്ടായി പോയി.
ഫോണില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ആ കുട്ടിയോട് പറയുന്നുണ്ട്. പ്രധാനപ്പെട്ട ഒരു മീറ്റിംഗില്‍ ആയിരുന്നു ഞാന്‍ എന്ന്. എന്തോ പറയാന്‍ ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ചോദിച്ചത് സ്വന്തം എം.എല്‍.എയോട് പറഞ്ഞോ എന്ന്. അവിടുന്ന് ശരിയായില്ലെങ്കില്‍ എനിക്ക് വിളിച്ചു പറയുകയോ മറ്റോ ചെയ്യാം. അതാണ് എന്റെ ഒരു രീതി.
എനിക്ക് ഒരു ഫ്രണ്ട് ആണ് വിളിക്കാന്‍ നമ്പര്‍ തന്നതെന്നാണ് കുട്ടി പറഞ്ഞത്. അത് ഫ്രണ്ട് അല്ല. ശത്രുവാണ്. അത് ആ കുട്ടിയുടെ തന്നെ ശത്രുവാണ്. ഇത് കുട്ടികളെ വെച്ച് വിളിപ്പിച്ച് ഹരാസ് ചെയ്ത് കോള്‍ റെക്കോഡ് ചെയ്യിക്കുകയാണ് ചെയ്യുന്നത്.
ഒന്നും അറിയാത്ത നിഷ്‌കളങ്കനാണ് എന്നെ വിളിച്ച മോന്‍ എങ്കില്‍ അവന്‍ എന്തിന് ഇത് റെക്കോര്‍ഡ് ചെയ്തു? എന്തിന് ആറു പ്രാവശ്യം വിളിച്ചു? അപ്പോള്‍ ഇത് ആസൂത്രണം ചെയ്ത് വിളിക്കുന്നതല്ലേ?
നിരന്തരം എന്റെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഹോസ്പിറ്റലിലേക്ക് വിളിക്കുക. ഇത് മുകേഷ് എം.എല്‍.എയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞായിരിക്കും വിളിക്കുക. എന്നിട്ട് അവരുടെ അടുത്ത് മോശമായി പെരുമാറുക. ഒരു ബാങ്ക് മാനേജരെ വിളിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇരൈവിപുരം പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് വരെ ഞാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടികളോട് പെരുമാറാന്‍ എന്നെ ആരും പഠിപ്പിക്കേണ്ട. ഫ്ളവേഴ്സ് ചാനലിലെ പ്രോഗ്രാം ചെയ്ത ആളാണ് ഞാന്‍. അതിന്റെ റേറ്റ് നോക്കിയാല്‍ അറിയാം.
ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് അടിക്കാനല്ല, അതൊരു പ്രയോഗമാണ്. ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാന്‍ പോവുകയാണ്.
ആറ് തവണ എന്നെ വിളിച്ചിട്ടുണ്ട്. അതിന് മുമ്പ് എന്നെ വില്‍ച്ചിട്ട് പറഞ്ഞ കാര്യങ്ങളെന്താണ് ഇടാത്തത്? അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞിട്ടും റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി എന്നെ എത്രയോ കുട്ടികളെ വെച്ച് വിളിപ്പിക്കുന്നു. എന്നെ വിളിക്കുമ്പോള്‍ തന്നെ ‘യുവര്‍ വോയ്സ് ബിംയിംഗ് റെക്കോര്‍ഡഡ്’ എന്ന് പറയും. എന്നെ വെച്ച് ഇങ്ങനെ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് കളിക്കരുതെന്ന് കുട്ടികളോട് പറയും. അപ്പോള്‍ തന്നെ ഫോണ്‍ വെക്കും. ഇങ്ങനെ എത്രയോ കേസുകള്‍ ഉണ്ട്. ഇങ്ങനൊരു വീഡിയോയില്‍ വരേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും മുകേഷ് പറഞ്ഞു.