പൊയിനാച്ചി : ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കെട്ടിട-വൈദ്യുതവിഭാഗങ്ങളുടെ അസി. എക്സി. എൻജിനീയർമാരുടെയും മഞ്ചേശ്വരം താലൂക്കിൽ കെട്ടിടവിഭാഗം അസി. എക്സി. എൻജിനീയറുടെയും കാര്യാലയം രൂപവത്കരിക്കാനുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. എം.രാജഗോപാലൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ കാര്യാലയങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തേ സർക്കാർ നിർദേശം നൽകിയിരുന്നു.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് പുതിയ കാര്യാലയങ്ങൾ ഇവിടെ രൂപവത്കരിക്കാൻ നിർദേശം ലഭിച്ചിട്ടില്ല. പാലങ്ങൾ വിഭാഗത്തിന് സബ്ഡിവിഷണൽ കാര്യാലയങ്ങൾ രൂപവത്കരിക്കേണ്ടതില്ലെന്നും ചീഫ് എൻജിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ കാര്യാലയങ്ങൾ രൂപവത്കരിക്കുമ്പോൾ പുതിയ തസ്തികകളും സൃഷ്ടിക്കേണ്ടി വരും. ശുപാർശകൾ പരിശോധിച്ചതിൽ ചില അവ്യക്തതകൾ കണ്ടതിനാൽ വ്യക്തമായ റിപ്പോർട്ട് ലഭ്യമാക്കാൻ ഭരണവിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്. അത് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.