ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വർണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളിൽ കാണാനില്ലെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ നിരീക്ഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് സർക്കാർ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകൾ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി പറഞ്ഞു.
തൻവാർ കേസിൽ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സമ്മർദത്തിന് വഴങ്ങിയുള്ള കൊവിഡ് ഇളവ് തീരുമാനം ദയനീയമാണെന്ന് സുപ്രിംകോടതി പറഞ്ഞു.
പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു. ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമാണെന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി.