പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു; കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തും

0
260

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുമ്പ് മരണപ്പെട്ടവരുടെ വിവരങ്ങളും ലഭ്യമാക്കും. ജില്ല അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പരസ്യമാക്കും. ഡോക്ടര്‍മാര്‍ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചവയാണ് പരസ്യമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സര്‍ക്കാരിന്റെ കോവിഡ് മരണനിരക്കില്‍ കളളക്കൡയുണ്ടെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്ന അവസരത്തിലാണ് ഒരു നടപടിയായി ഈ തീരുമാനം എടുത്തിരിക്കുന്നത്. 2020 ഡിസംബര്‍ മാസം വരെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഈ രീതി മാറ്റുകയും മരണസംഖ്യ അല്ലാതെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനുളള തീരുമാനത്തിലെത്തിയിരിക്കുന്നത്.

ജില്ലാതലത്തില്‍ കണക്കുകള്‍ ശേഖരിക്കുകയും ഓരോ ദിവസം മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇനി മുതല്‍ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആറുമാസക്കാലയളവില്‍ മരണപ്പെട്ടവരുടെ പേരുവിവരങ്ങളുണ്ട്. അതും വെബ്‌സൈറ്റിലോ മറ്റോ പ്രസിദ്ധപ്പെടുത്തി പൊതുജനങ്ങള്‍ക്ക് അറിയാനുളള സംവിധാനം ഉണ്ടാക്കും. തങ്ങളുടെ ഉറ്റവര്‍ മരണപ്പെട്ടവര്‍ കോവിഡ് ബാധിച്ചാണോ എന്ന് തിരിച്ചറിയാനുളള സംവിധാനം ഒരുക്കും എന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കോവിഡ് മരണങ്ങള്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ കോവിഡ് അനുബന്ധ രോഗങ്ങളെ തുടര്‍ന്ന് മരണപ്പെടുന്നത് കോവിഡ് മരണമായി കണക്കാക്കുന്നില്ലെന്ന വിമര്‍ശനവും നിലവിലുണ്ട്. ഇക്കാര്യത്തിന് ഈ തീരുമാനത്തിലൂടെ പരിഹാരം കണ്ടെത്താനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here