ഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. എല്ലാ രാജ്ഭവനുകൾക്കും മുന്നിൽ ജൂലൈ 22ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം സോഫ്റ്റ്‍വെയർ ദുരുപയോഗം ചെയ്തോയെന്ന് അന്വേഷിക്കുമെന്ന് പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പ് അറിയിച്ചു.
ഫോൺ ചോർത്തൽ വിവാദം പാർലമെന്റിൽ കത്തി പടരുന്നതിനിടെയാണ് പ്രതികരണവുമായി പെഗാസസ് സ്പൈവയറിന്റെ നിർമ്മാതക്കളായ എൻ.എസ്.ഒ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഫോൺ ചോർത്തൽ നടന്നിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് നൽകുന്ന വിശ്വാസ്യതക്ക് മേലുള്ള കയ്യേറ്റമാണ്.
ദുരുപയോഗം കണക്കിലെടുത്ത് നേരത്തെ അഞ്ച് ഉപഭോക്താക്കളുമായുള്ള ഇടപാട് അവസാനിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും സുരക്ഷ പ്രധാനമെന്നും കമ്പനി ഉടമ ശാലേവ് ഹൂലിയോ വ്യക്തമാക്കി.
അതിനിടെ ഫോൺ ചോർത്തൽ വിവാദം പാർലമെന്റിന് പുറത്തേക്ക് എത്തിയ്ക്കുകയാണ് കോൺഗ്രസ് . നാളെ എല്ലാ പി.സി.സി ആസ്ഥാനങ്ങളിലും വാർത്ത സമ്മേളനങ്ങൾ നടത്തി ഫോൺ ചോർത്തൽ വിശദീകരിക്കും. ജൂലൈ 22 ന് രാജ്യത്തെ എല്ലാ രാജ് ഭവനുകളിലേയ്ക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.