തിരുവനന്തപുരം: ഐഎൻഎല്ലിലുണ്ടായ തമ്മിലടിയിലും പിളർപ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി. അടുത്ത മുന്നണി യോഗം ഇക്കാര്യം ചർച്ചയ്‌ക്കെടുക്കും. മന്ത്രിസ്ഥാനം നൽകിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കൾക്ക് ഉണ്ട്. അതെ സമയം മുന്നണിയിൽ തുടരാനുള്ള നീക്കങ്ങൾ ഇരു പക്ഷവും സജീവമാക്കി.
അടുത്തമാസം മൂന്നിന് കോഴിക്കോട്ട് പാർട്ടി സംസ്ഥാന കൌൺസിൽ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തിരുമാനം. കാസിം ഇരിക്കൂറിന്റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികൾക്കും മുസ്ലിം ലീഗുമായി അന്തർധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്റെ ആരോപണം. പിളർപ്പിനെ തുടർന്ന് കമ്മറ്റി ഓഫീസുകൾ പിടിച്ചെടുക്കാൻ ഇരുപക്ഷവും ശ്രമം തുടങ്ങി.