നാസിക്: വീട്ടുകാരുടെ സമ്മതത്തോടെ തീരുമാനിച്ച വിവാഹച്ചടങ്ങുകള്‍ ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് ഒഴിവാക്കി. വിവാഹത്തിന്റെ ക്ഷണക്കത്ത് ചോര്‍ന്നതോടെ ചിലര്‍ ലൗ ജിഹാദ് ആരോപിച്ച് എതിര്‍പ്പും ഭീഷണിയും മുഴക്കിയതോടെയാണ് വിവാഹച്ചടങ്ങുകള്‍ ഒഴിവാക്കാന്‍ കുടുംബം തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 28കാരിയായ മകളെ മുസ്ലിം യുവാവിന് വിവാഹം കഴിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ തീരുമാനിച്ചത്. എന്നാല്‍, വിവാഹക്ഷണക്കത്ത് ചോര്‍ന്നതോടെ സമുദായത്തില്‍ നിന്നുള്ളവര്‍ വിവാഹത്തെ എതിര്‍ത്തു. ലൗ ജിഹാദാണ് നടക്കുന്നതെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് വിവാഹ ചടങ്ങ് ഒഴിവാക്കി. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സമുദായക്കാരുടെ വാശിക്ക് മുന്നില്‍ മാതാപിതാക്കള്‍ തോറ്റുകൊടുത്തില്ല. കോടതയിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. മകളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുകയാണെന്നും മകളെ മതം മാറ്റില്ലെന്ന് ഉറപ്പുണ്ടെന്നും ഇവര്‍ പറഞ്ഞു. പ്രസാദ് അദ്ഗവോന്‍കറിന്റെ മകള്‍ രസികയുടെ വിവാഹ ചടങ്ങുകളാണ് പ്രശ്‌നത്തിലായത്. രസിക ഭിന്നശേഷിക്കാരിയാണ്. നിരവധി വിവാഹ ആലോചനകള്‍ വന്നെങ്കിലും നടന്നില്ല.
ഈയടുത്താണ് രസികയും സഹപാഠിയുമായ ആസിഫ് ഖാനും വിവാഹക്കാര്യം മാതാപിതാക്കളോട് സംസാരിച്ചത്. തുടര്‍ന്ന് എല്ലാവരും വിവാഹത്തിന് സമ്മതിച്ചു ജൂലൈ 18ന് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താമെന്നും തീരുമാനിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
എന്നാല്‍ വിവാഹ ക്ഷണക്കത്ത് ചോര്‍ന്ന് വാട്‌സ് ആപ്പില്‍ പ്രചരിച്ചു. ഇതോടെ ലൗ ജിഹാദ് ആരോപണവുമായി ചിലര്‍ രംഗത്തെത്തി. നിരവധി പേര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് വിവാഹം റദ്ദാക്കാന്‍ സമുദായ നേതാക്കള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വിവാഹം റദ്ദാക്കുന്നെന്ന് കുടുംബം അറിയിച്ചു. പിന്നീട് വിവാഹം കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.