ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തരംഗത്തിന്റെ ഭീഷണി കൂടുന്നു. വൈറസിന്റെ തുടര്‍ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം സംബന്ധിച്ച് കേരളമുള്‍പ്പടെ 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആഘോഷങ്ങള്‍ നടത്താന്‍ സമയമായിട്ടില്ല. വാക്‌സിനേഷന്റെയും രോഗനിര്‍ണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.