കോവിഡിന്റെ മറവിൽ മണൽക്കടത്ത്; ഷിറിയ മുട്ടത്ത് അനധികൃത കടവ് പൊലീസ് തകർത്തു

0
215

കുമ്പള ∙ കോവിഡിന്റെ മറവിൽ അനധികൃത മണൽക്കടത്ത് വ്യാപകം. ഒപ്പം പൊലീസ് നടപടിയും ശക്തമാക്കുന്നു. ഷിറിയ മുട്ടത്ത് അനധികൃത കടവ് പൊലീസ് തകർത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ തോതിൽ പുഴ മണലാണു കടത്തുന്നത്.ഇതു ഏറെയും മഞ്ചേശ്വരം, കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുഴകളിൽ നിന്നാണു.

രാപകൽ വ്യത്യാസമില്ലാതെ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണു ഏറെയും കടത്തുന്നത്. പുഴയിൽ നിന്നു എടുക്കുന്ന മണൽ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ സൂക്ഷിച്ച് അവിടെ നിന്നു വാഹനങ്ങളിൽ എത്തിച്ചാണു കടത്തുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഷിറിയ മുട്ടത്തെ അനധികൃതക്കടവിൽ ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, സിഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുഴയോരത്ത് കൂട്ടിയിട്ട മണൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തള്ളി. വാഹനങ്ങൾ പോകാതിരിക്കാനായി കിടങ്ങുകൾ നിർമിച്ചു.

കോവിഡിന്റെ മറവിൽ വ്യാപകമായ മണൽ കൊള്ള നടക്കുന്നുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. കടലേറ്റ സമയത്ത് പോലും കടലോര നിവാസികൾക്ക് ഭീഷണിയാവുകയാണു തീരദേശ മേഖലയിൽ മണൽ കൊള്ള. ഇതേ തുടർന്നാണു പൊലീസ് പരിശോധന നടത്തി അനധികൃത കടവ് തകർത്തത്.

കാസർകോട് ഡിവിഷൻ പരിധിയിലെ മുഴുവൻ അനധികൃത കടവുകളിൽ പരിശോധന ശക്തമാക്കുമെന്നു കടത്തുക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here