Home Latest news കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി
കർണാടകയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും 50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവർത്തിക്കാനും അനുമതി നൽകി.
മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമേ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി നൽകൂ.
രാത്രി കർഫ്യൂവിലും ഇളവ് അനുവദിക്കും. നിലവിൽ രാത്രി ഒമ്പതുമണി മുതൽ രാവിലെ അഞ്ചുവരെയാണ് രാത്രി കർഫ്യൂ. ഇത് രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതൽ പുതിയ ഇളവുകൾ നിലവിൽ വരുമെന്നും അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്റെ മുന്നറിയിപ്പുകൾ വിദഗ്ധർ നൽകിയിരുന്നു. ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് മൂന്നാം തരംഗം പിടിമുറുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടി.