തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിനെക്കുറിച്ച് ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും. ഡൽഹിക്ക് പോകുന്നതിനാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ശനിയാഴ്ച യോഗം ചേർന്നിരുന്നു. മേയ് നാലു മുതൽ തുടരുന്ന ലോക്ക് ഡൗൺ നീട്ടുന്നതിൽ അർത്ഥമില്ലെന്ന നിലപാടാണ് സർക്കാരിന്.
തൊഴിൽ, നിർമ്മാണ, വാണിജ്യ, വ്യാപാര മേഖലകൾ ഏതാണ്ട് സ്തംഭനത്തിലാണ്. നേരിയ ഇളവുകളുണ്ടെങ്കിലും സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനും സാധാരണനില വീണ്ടെടുക്കാനും അത് പര്യാപ്തമല്ല. കടകളും വ്യാപാരശാലകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം മൂന്നാഴ്ചയായി കൊവിഡ് പ്രതിദിന വ്യാപന നിരക്ക് പത്തുശതമാനത്തിൽ താഴാതെ നിൽക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ഇതിൽ കാര്യമായ മാറ്റമില്ല. വാരാന്ത്യ ലോക്ക് ഡൗൺ നിലനിറുത്തി മറ്റ് മേഖലകളിൽ പരമാവധി ഇളവുകൾ നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ സംസ്ഥാനത്തെ ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളിൽ പകുതിയിലേറെ സ്ഥലങ്ങളിലും കൊവിഡ് വ്യാപന നിരക്ക് പത്തുശതമാനത്തിൽ കൂടുതലാണ്. ഇന്നലത്തെ സ്ഥിതിയനുസരിച്ച് 196 തദ്ദേശസ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേറെയാണ്.