തിരുവനന്തപുരം : ഓണത്തിന് സ്‌പെഷല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ വീടു നിര്‍മ്മാണത്തിനായി നല്‍കും.
കുടുംബത്തിന്റെ ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുട്ടിക്ക് 18 വയസ്സുവരെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ബജറ്റ് വകുപ്പ് തിരിച്ച് പാസ്സാക്കലാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. അതേസമയം സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന എം ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല.