ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ മീരബായ് ചാനു നേടിയ വെള്ളി സ്വര്‍ണമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണമെഡല്‍ ജേതാവായ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ഇന്ന് നടക്കുന്ന ഉത്തേജക പരിശോധനയില്‍ ഹൗ ഷിഹൂയി പരാജയപ്പെട്ടാന്‍ ചാനുവിന്റെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തും.
ഷീഹുയി 210 കിലോ (94 കി. +116 കി.) ഉയര്‍ത്തി മൂന്നു വിഭാഗത്തിലും (സ്‌നാച്ച്, ക്ലീന്‍ ആന്‍ഡ് ജര്‍ക്, മൊത്തം) ഒളിമ്പിക് റെക്കോഡുമായാണ് സ്വര്‍ണം നേടിയിരുന്നത്. 202 കിലോ (87 കി. +115 കി.) ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം ഉയര്‍ത്തിയത്. ഇന്തോനേഷ്യയുടെ ആയിഷ വിന്‍ഡി കാന്റികയാണ് 194 കിലോ ഉയര്‍ത്തി (84 കി. +110 കി.) വെങ്കലം സ്വന്തമാക്കിയത്.
ആദ്യ വിഭാഗമായ സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 87 കിലോയും ഉയര്‍ത്തിയ ചാനു അവസാന ശ്രമത്തില്‍ 89 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ വിഭാഗത്തില്‍ ചാനുവിന്റെ കരിയറിലെ മികച്ച ഭാരം 88 കിലോ ആയിരുന്നു. 96 കിലോയുടെ ലോക റെക്കോഡുള്ള ഷീഹുയി 94 കിലോ ഉയര്‍ത്തി മുന്നിലെത്തി. തന്റെ ഇഷ്ടവിഭാഗമായ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ രണ്ടു ശ്രമങ്ങളില്‍ 110, 115 കി. വീതമുയര്‍ത്തിയ ചാനു അവസാന ശ്രമത്തില്‍ 117 കിലോക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ വിഭാഗത്തില്‍ 119 കിലോയുടെ ലോകറെക്കോഡ് ചാനുവിന്റെ പേരിലാണ്. 116 കിലോയുമായി ഈ വിഭാഗത്തിലും ലീഡ് നേടിയ ഷീഹുയി സ്വര്‍ണം ഉറപ്പാക്കുകയായിരുന്നു.