കാസര്‍ക്കോട്: ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ രണ്ട് വര്‍ഷമായി പ്രതികള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്‍ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. നേരത്തെ അഞ്ച് പേരെ പിടികൂടിയിരുന്നു.
അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം.
നിരവധി പേര്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതോടെ കാസർകോട് വനിത പൊലീസ് സെൽ നടത്തിയ അന്വേഷണത്തില്‍ എസ്.പി നഗര്‍ സ്വദേശി സി. അബ്ബാസ് അറസ്റ്റിലായി. പിന്നീട് ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി.എ അബ്ബാസ്, ഉസ്മാന്‍, അബൂബക്കര്‍ എന്നിവരും പിടിയില്‍. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവരെല്ലാം.
നിലവില്‍ ഒന്‍പത് കേസുകളാണ് പൊലിസ് രജിസ്റ്റര‍് ചെയ്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പെൺകുട്ടി.