റിയാദ്: കൊവിഡ് അതിതീവ്രമായി നിൽക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കാൻ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോർട്ട്. സൗദിയിലെ ദേശീയ വാർത്താ ഏജൻസിയാണ് ഏതാനും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം രൂക്ഷമായി പടർന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ സൗദിയിൽ യാത്രാ നിരോധനം ഉണ്ട്. എന്നാൽ കഴിഞ്ഞ മേയിൽ സൗദി അന്താരാഷ്ട്ര യാത്രകൾക്ക് ചില ഇളവുകൾ നൽകിയപ്പോൾ നിരവധി പേർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത് ആശങ്ക ഉയർത്തിയെന്ന് സൗദി സർക്കാരുമായി ബന്ധപ്പെട്ട ഒരു ഉയർന്ന ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം യാത്രക്കാർക്ക് സൗദിയിൽ എത്തുമ്പോൾ നിയമപരമായ നടപടികളെ കൂടാതെ കനത്ത പിഴയും ചുരുങ്ങിയത് മൂന്ന് വർഷത്തേക്ക് യാത്രാ വിലക്കും നൽകാനാണ് സൗദി സർക്കാർ ആലോചിക്കുന്നത്. അഫ്ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും സൗദി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.