തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രമുണ്ടായത് 3,81,000 കൊവിഡ് കേസുകളും 3091 മരണങ്ങളും. രണ്ടാംതരംഗത്തിൽ പ്രതിദിന കേസുകൾ നാൽപ്പതിനായിരവും കടന്ന മേയ് മാസത്തിലുണ്ടായ മരണ സംഖ്യയ്ക്കടുത്താണ് ജൂലൈയിലെയും മരണസംഖ്യ. മേയിലാകെ 3507 പേരാണ് സംസ്ഥാനത്ത് മരിച്ചത്. രാജ്യത്ത് ഏറ്റവുമധികം രോഗികൾ ചികിത്സയിലുള്ളതും കേരളത്തിലാണ്. രാജ്യത്താകെ നാല് ലക്ഷം പേർ ചികിത്സയിലുള്ളപ്പോൾ കേരളത്തിൽ മാത്രമായി 1,45,000 പേർ ചികിത്സയിലുണ്ട്. പ്രതിദിന കേസുകളിലും ടിപിആറിലും പ്രതിദിന കേരളം തന്നെയാണ് മുന്നിൽ.
സംസ്ഥാനത്ത് 22,129 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.