ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി. അലൻ ഷുഹൈബിന് ജാമ്യം അനുവദിച്ച് താഹ ഫസലിന് ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നും ഇരുവർക്കുമെതിരായ കേന്ദ്ര സർക്കാറിെൻറ വാദം ഒരുമിച്ച് കേൾക്കാമെന്നും കോടതി വ്യക്തമാക്കി. അലന് ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര സർക്കാറിെൻറ ഹരജി എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു. അടുത്ത വെള്ളിയാഴ്ച ഇരുവർക്കുമെതിരായ കേസ് ഒരുമിച്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
513 ദിവസമായി തടവറയിൽ കഴിയുന്ന താഹക്ക് ജാമ്യം നൽകണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. വി. ഗിരി വാദിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് താങ്ങാവുന്നതല്ല താഹയുടെ തടങ്കൽ എന്നും ഗിരി ബോധിപ്പിച്ചു. കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇതിനെ എതിർത്തു. മാവോയിസ്റ്റ് യോഗത്തിൽ താഹ പെങ്കടുത്തുവെന്ന് മാത്രമല്ല, യോഗത്തിെൻറ മിനുട്സ് എഴുതിയത് താഹയാണെന്നുമുള്ള ആരോപണങ്ങളും അദ്ദേഹം നിരത്തി.
താഹക്ക് ജാമ്യം നൽകാതിരിക്കാൻ രാജു ശക്തമായി വാദിച്ചപ്പോഴാണ് അലന് കേരള ൈഹകോടതി ജാമ്യം നൽകിയതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിക്കുമെന്ന് പറഞ്ഞ പ്രേത്യകാനുമതി ഹരജിയുടെ കാര്യമെന്തായി എന്ന് ജസ്റ്റിസ് ലളിത് ചോദിച്ചത്. ഹരജിയുടെ കരട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയച്ചിട്ടുണ്ടെന്നും കോവിഡുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടായതാണെന്നും ഒരാഴ്ചക്കകം സമർപ്പിക്കാമെന്നും രാജു മറുപടി നൽകി. എങ്കിൽ ഹരജി സമർപ്പിക്കാൻ അടുത്ത വെള്ളിയാഴ്ച വരെ സമയം തരാമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.
അതിനകം കേന്ദ്രത്തിന് എന്തൊക്കെ സമർപ്പിക്കാനുണ്ടോ അതെല്ലാം സമർപ്പിക്കുക. താഹയുടെ കേസിൽ കോടതി ജാമ്യം അനുവദിച്ചാൽ മറ്റേ കേസ് പിന്നെയും നിലനിൽക്കും. ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റൊരാൾക്ക് ജാമ്യം ഇല്ലാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് പ്രയോജനമില്ല. അതിനാൽ അലെൻറയും താഹയുടെയും ഹരജികൾ തങ്ങൾക്ക് ഒരുമിച്ച് കേൾക്കണമെന്ന് ജസ്റ്റിസ് ലളിത് കൂട്ടിച്ചേർത്തു. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കും മുമ്പ് അലനെതിരായ ഹരജി സമർപ്പിച്ചാൽ അതിൽ നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിൽ അലനെതിരായ ഹരജി സമർപ്പിക്കാമെന്ന കേന്ദ്ര സർക്കാറിെൻറ ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ലളിത് അടുത്ത വെള്ളിയാഴ്ച ഉചിതമായ ബെഞ്ച് കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കി.