മംഗളൂരു : ഹൊസങ്കടിയിൽ വാച്ച്മാനെ ആക്രമിച്ച് ജൂവലറി കവർച്ച നടത്തിയ സംഘത്തിൽനിന്ന് മംഗളൂരു പോലീസ് പിടിച്ചെടുത്ത മുതലുകൾ പ്രദർശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 4.45ന് തലപ്പാടി കെ.സി. റോഡിലാണ് ജൂവലറി കവർച്ചനടത്തിയവരെന്ന് കരുതുന്ന സംഘം സഞ്ചരിച്ച കാർ ഉള്ളാൾ പോലീസിന്റെ മുന്നിൽപ്പെട്ടത്. വണ്ടി പോലീസ് തടഞ്ഞതോടെ അതിലുണ്ടായിരുന്നവർ എസ്.ഐ.യെ വധിക്കാൻ ശ്രമിച്ച് ഭീതിപരത്തിയാണ് സംഘം രക്ഷപ്പെട്ടതെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാംശങ്കർ എന്നിവർ പറഞ്ഞു. വാഹനത്തിൽ ബണ്ട്വാൾ ഫറാങ്കിപ്പേട്ടിലെ മുഹമ്മദ് ഗൗസ്, സുറത്കലിലെ ഇമ്രാൻ എന്നിവർ ഉണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന.
പോലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവയിൽനിന്ന് 7.50 കിലോ വെള്ളി ആഭരണങ്ങളും 1,90,000 രൂപ, ആഭരണം നിർമിക്കാൻ ഉപയോഗിക്കുന്ന 30 കല്ലുകൾ, വിവിധ കമ്പനികളുടെ വാച്ചുകൾ, ഡി.വി.ആർ., ഇരുമ്പു കത്രിക, മുളകുപൊടി, സ്‌പ്രേ പെയിന്റ് കൺടെയ്നർ, ഇരുമ്പുകട്ടർ, വ്യാജ നമ്പർപ്ലേറ്റ്, ഇരുമ്പുദണ്ഡ്, ഇലക്‌ട്രോണിക്സ് ത്രാസ്, സൈറൺ മെഷീൻ, ഗ്യാസ് സിലിൻഡർ, കോടാലി തുടങ്ങിയവ കണ്ടെടുത്തു.