എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യത്തിലുറച്ച് സംസ്ഥാനത്തെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ മുതൽ കടകൾ തുറന്നു പ്രവർത്തിപ്പിക്കും. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.
സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും എല്ലാ ദിവസവും കടകൾ തുറക്കണം എന്ന ആവശ്യവുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തെ വ്യാപാരികളുടെ തീരുമാനം. നേരത്തെ പ്രഖ്യാപിച്ച പോലെ വ്യാപാരി വ്യവസായി ഏകോപനസമിതി നാളെമുതൽ കടകൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് എതിർപ്പുമായി വരുന്നതോടെ പലയിടത്തും സംഘർഷ സാധ്യത തള്ളിക്കളയാനാവില്ല. സർക്കാർ നിലപാടിനൊപ്പം നിന്നിരുന്ന സിപിഎം അനുകൂല വ്യാപാരി സംഘടന വ്യാപാരി വ്യവസായി സമിതി യും ഇന്നുമുതൽ പ്രതിഷേധ രംഗത്തുണ്ടാകും. മുൻ സി.പി.എം എം.എൽ.എ വി.കെ.സി മമ്മദ് കോയ പ്രസിഡന്‍റായി വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയേറ്റിന് മുന്നിലും കലക്ടറേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും.
ഒന്നിടവിട്ട് കട തുറക്കാതിരിക്കുന്നതും സമയം കുറക്കുന്നതും കോവിഡ് പ്രതിരോധത്തിൽ ഗുണം ചെയ്യില്ലെന്ന നിലപാടിലേക്ക് ഐഎംഎ ഉൾപ്പെടെ ആരോഗ്യ രംഗത്തെ വിദഗ്ധർ എത്തിയതും വ്യാപാരികൾ അനുകൂല സാഹചര്യമായി കാണുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളും വ്യാപാരികളുമായി വ്യാപാരികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.