ന്യൂഡൽഹി∙ വ്യാപാരികൾക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ വികാരം മനസ്സിലാകും. ആളുകളുടെ ജീവന്‍ അപകടത്തിലാക്കാനാകില്ല. മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായി കടകള്‍ അടയ്ക്കാനുള്ള തീരുമാനം അവഗണിച്ചുകൊണ്ട് വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍ മനോരമ ന്യൂസിലെ പ്രത്യേക ചര്‍ച്ചാ പരിപാടിയില്‍ പറഞ്ഞിരുന്നു.
അതേസമയം, രോഗവ്യാപനം ഏറ്റവും കൂടിയ തദേശ സ്ഥാപനങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടു മണി വരെ നീട്ടും. ബാങ്കുകളില്‍ അഞ്ചു ദിവസവും ഇടപാടുകരെ പ്രവേശിപ്പിക്കും. കടകള്‍ തുറക്കുന്ന ദിവസങ്ങള്‍ക്കുള്ള നിയന്ത്രണവും വാരാന്ത്യ ലോക്ഡൗണും തുടരും.