മഞ്ചേശ്വരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുന്ദരയെ അന്വേഷണസംഘം കർണാടകയിലെത്തിച്ചു തെളിവെടുത്തു. സുന്ദരയുടെ കുടുംബവീട് സ്ഥിതിചെയ്യുന്ന ദക്ഷിണ കന്നഡ ജില്ലയിലെ മുണ്ടൂരിലെത്തിയാണ് തെളിവെടുത്തത്.
കോഴപ്പണത്തിൽനിന്ന് കുടുംബ വീടിന്റെ അറ്റകുറ്റപ്പണിക്കായി തുക നൽകിയെന്ന് സുന്ദര മൊഴി നൽകിയിരുന്നു. സുന്ദരയുടെ സഹോദരി പുത്രന് നൽകിയ പണം വീണ്ടെടുക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചത്. എന്നാൽ ചെലവഴിച്ച തുക കണ്ടെത്തുക ശ്രമകരമാണ്. കോഴ ലഭിച്ചതായി വെളിപ്പെടുത്തിയതിനുശേഷം സുന്ദര ഈ വീട്ടിലും താൽക്കാലികമായി താമസിച്ചിരുന്നു.
ബിജെപി നേതാക്കൾ സുന്ദരയുടെ വീട്ടിലെത്തിയ ശേഷം തിരഞ്ഞെടുപ്പു സമയത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ സംബന്ധിച്ച് ജില്ലാ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും. അന്വേഷണത്തിന്റെ പുതിയ ഘട്ടത്തിൽ തിരഞ്ഞെടുപ്പു കാലത്ത് സുന്ദരയുടെ വീട്ടിലെത്തിയ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകിയ സൂചന. നേതാക്കൾ വീട്ടിലെത്തിയാണ് പണവും ഫോണും നൽകിയതെന്നാണു കെ.സുന്ദര വെളിപ്പെടുത്തിയത്.