തിരുവനന്തപുരം: കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പോലീസിന് നേർക്കാണ് ആക്രമണം. കുറ്റിച്ചല്‍ നെല്ലിക്കുന്ന് കോളനിയില്‍ പോലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസ് സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ വനത്തിനുള്ളിലാണെന്ന് നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.
.പ്രദേശത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിരവധി അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് നെയ്യാര്‍ ഡാമിലെ പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയത്.