‘നെല്ലിക്കുന്ന് പണ്ഡിതന്‍, പക്ഷേ വെറെ കാര്യങ്ങളിലെന്ന്’ മുഖ്യമന്ത്രി; പാണ്ഡിത്യം വിളമ്പാനല്ല ശ്രമിച്ചതെന്ന് മറുപടി

0
343

കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ സംബന്ധിച്ച ചോദ്യോത്തരവേളയില്‍ കൊണ്ടും കൊടുത്തും മുഖ്യമന്ത്രി പിണറായി വിജയനും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഉപവാസസമരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു പരാര്‍ശം. ഗവര്‍ണ്ണര്‍ക്ക് ഉപവാസമിരിക്കേണ്ട സാഹചര്യം സംസ്ഥാനത്തിന് അഭിമാനമാണോ അപമാനമാണോ എന്ന എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയായിരുന്നു തുടക്കമിട്ടത്.

ഓരോ കാര്യവും ഓരോരുത്തരുടെയും മനോഭാവം അനുസരിച്ചാണ് കാണേണ്ടത്. എന്‍ എ നെല്ലിക്കുന്നതിന്റെ ചോദ്യവും അങ്ങനെയാണ് കാണേണ്ടത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു മനോഭാവമുണ്ട്. അദ്ദേഹം ഒരു പണ്ഡിതനാണ് പക്ഷേ പാണ്ഡിത്യം വേറെ കാര്യത്തിലാണ്. അതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ ഉപവാസ സമരത്തെക്കുറിച്ച് തെറ്റായ രീതിയില്‍ പരാമര്‍ശിച്ചതെന്നും മുഖ്യമന്ത്രി തന്റെ മറുപടിയില്‍ പറഞ്ഞു.

ഇതിന് മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചതാണെന്നും തനിക്കില്ലാത്ത പാണ്ഡിത്യം വിളമ്പാനല്ല താന്‍ ശ്രമിച്ചതെന്നുമായിരുന്നു എംഎല്‍എയുടെ മറുപടി. ഗവര്‍ണറുടെ കത്തിലെ വരികള്‍ ഉദ്ദരിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നും ഉപചോദ്യത്തിന് മുന്‍പായി നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് മറുപടിയായി നല്‍കി. ഇതിനിടെ എംഎല്‍എയുടെ ചോദ്യത്തിന് മുന്‍പ് നെല്ലിക്കുന്ന് പണ്ഡിതനാണെന്ന കാര്യത്തില്‍ സഭയില്‍ എല്ലാവര്‍ക്കും യോജിപ്പാണെന്ന് സ്പീക്കര്‍ എം ബി രാജേഷും പറഞ്ഞിരുന്നു.

സഭയില്‍ നടന്നത്:

ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു ഗവര്‍ണ്ണര്‍ക്ക് ഉപവാസമിരിക്കേണ്ട സാഹചര്യം ഇവിടെ ഉണ്ടായത്. സംസ്ഥാനത്തെ നിയമവാഴ്ച നോക്കുകുത്തിയായതിലുള്ള ഗവര്‍ണ്ണറുടെ മനോവേദനയാണ് അദ്ദേഹത്തെ ആ ഉപവാസത്തിന് പ്രചോദിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഗവര്‍ണറുടെ ഒരു കത്ത് എല്ലാ എംഎല്‍എമാര്‍ക്കും ലഭിച്ചിരുന്നു. ആ കത്തില്‍ പ്രധാനമായും പറയുന്നത് സ്ത്രീധവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ചുരുങ്ങിയ കാലയളവിലുണ്ടായ മരണങ്ങള്‍ നിമിത്തം നമ്മുടെ സംസ്ഥാനം വാര്‍ത്തകളില്‍ നിറയുകയാണെന്നുമായിരുന്നു. ഈ വരികള്‍ സംസ്ഥാനത്തിന് അഭിമാനമാണോ അപമാനമാണോ എന്നും എന്‍ എ നെല്ലിക്കുന്ന് ചോദ്യത്തിന് ആമുഖമായി ചോദിച്ചു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനുശേഷം അല്ലെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായതിന് ശേഷം- ഏതാണോ ആദ്യം അതിനുശേഷം, സ്ത്രീധനവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് എത്ര മരണങ്ങളും ആത്മഹത്യകളും ഉണ്ടായിട്ടുണ്ടെന്നും, എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ആ കേസുകളില്‍ സ്വീകരിച്ച നടപടികളെന്തെല്ലാമാണെന്നും വ്യക്തമാക്കണമെന്നായിരുന്നു എന്‍ എ നെല്ലിക്കുന്നിന്റെ ചോദ്യം.

എന്നാല്‍ ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് ഗവര്‍ണറുടെ നടപടിയെ വ്യാഖ്യാനിക്കുകയാണെന്നും നെല്ലിക്കുന്നിന്റെ ചോദ്യവും അത്തരത്തില്‍ സമരത്തെ തെറ്റായ രീതിയില്‍ പരാമര്‍ശിക്കുന്നതാണെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. ഈ ഘട്ടത്തിലായിരുന്നു പാണ്ഡിത്യം സംബന്ധിച്ച പരാമര്‍ശം.

ഗവര്‍ണ്ണര്‍ നമ്മുടെ സമൂഹത്തെ ബോധവത്കരിക്കുന്നതിന് നടത്തിയ ഒരു ഗാന്ധീയന്‍ ഇടപെടലായിരുന്നു അത്. മുന്‍പുതന്നെ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയതാണ്. മാത്രമല്ല, നെല്ലിക്കുന്നിനെപ്പോലെയുള്ളവര്‍ക്ക് സംശയമുണ്ടായപ്പോള്‍ ഗവര്‍ണര്‍ തന്നെ അക്കാര്യം പരസ്യമായി വ്യക്തമാക്കിയതാണ്. എന്നിട്ടും ഇതുപോലുള്ള സംശങ്ങള്‍ സഭയില്‍ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നിയമസഭയിലും അംഗമായിരുന്ന അദ്ദേഹത്തിന് ഞാന്‍ മുഖ്യമന്ത്രിയായും ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണ്ണറായും വന്ന കാലഘട്ടം ൃഅറിയാത്തതല്ല. എന്നാല്‍ അതിലേതാണ് ആദ്യം എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ആരിഫ് മുഹമ്മദിന് മുന്‍പ് റിട്ടയേര്‍ഡ് ജസ്റ്റിസ് സദാശിവം ഗവര്‍ണറായി ഇവിടെയുണ്ടായിരുന്നതായി അദ്ദേഹത്തിന് അറിയില്ലേ, അദ്ദേഹത്തിന് ഓര്‍മ്മക്കുറവുള്ളതായി അറിയില്ല. അപ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയായി വന്നതിനുശേഷം എന്നാണ് ചോദ്യം.

ആ സമയത്തെ, 2016 മുതല്‍ 2021 വരെയുള്ള കാലയളവിലെ കണക്കുകളെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2011 മുതല്‍ 2016 വരെ 100 സ്ത്രീധന പീഡന മരണങ്ങളും ആത്മഹത്യകളുമാണ് ഉണ്ടായത്. 2016- 2021 കാലയളവില്‍ 54 സംഭവങ്ങളും, 2020-21 വര്‍ഷങ്ങളില്‍ ആറുവീതം കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സ്ത്രീധനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിങ്ക് പൊലീസിംഗ് ഫലപ്രദമാണ്. അത് ശക്തിപ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here