ബംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കും. ഷോപ്പിങ് മാളുകള്‍ തുറക്കാനും കടകളുടെ പ്രവര്‍ത്തന സമയം കൂട്ടാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍. കാണികളുടെ എണ്ണം കുറച്ച് സിനിമാ തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുവരികയണെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു.
വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാള്‍ ഉടമകള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ടിരുന്നു. ഇക്കാര്യത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയില്‍ തിങ്കളാഴ്ച മാത്രം 1386 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 35,896 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.