കേരള തീരത്ത് ആദ്യമായി നീല തിമിംഗല സാന്നിധ്യം; ശബ്ദം റെക്കോര്‍ഡ് ചെയ്തു; ഇവ സൂചിപ്പിക്കുന്നത്

0
329

കേരളത്ത തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെട്ടു. വിഴിഞ്ഞത്തിനടുത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണ്‍ മുഖേനയാണ് ശബ്ദം റെക്കോര്‍ഡ് ആയത്. ഇതോടെ കേരള തീരത്തും തിമിംഗലമുണ്ടെന്ന് സ്ഥരീകരിച്ചു.

കുറഞ്ഞ ആവൃത്തിയിലുള്ള ഹ്രസ്വമായ ശബ്ദവീചികളുടെ പരമ്പരയാണ് ശബ്ദരേഖ. 188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗിലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും. 80-90 വര്‍ഷമാണ് ആയുര്‍ദൈര്‍ഘ്യം. മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ ആണ് സഞ്ചാര വേഗം. കൂട്ടം കൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ എന്നിവയുള്‍പ്പെടെയുള്ള ആശയവിനിമയത്തിനുള്ളതാണ് ഈ ശബ്ദം.

ഇന്ത്യന്‍ തീരക്കടലിനടുത്ത് തിമിംഗലമുണ്ടോയെന്നറിയാന്‍ അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദീപാനി സുറ്റാറിയ, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം ഗവേഷണം നടത്തി വരികയാണ്.
മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മാര്‍ച്ചില്‍ ആണ് ഹൈഡ്രോ ഫോണ്‍ സ്ഥാപിച്ചത്. ജൂണില്‍ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു.. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here