ഇതാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിയ്ക്ക്; ചരിത്രം കുറിച്ച് സി.പി.ഐ.എം.

0
247

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിയ്ക്ക്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ കെ.എസ്. മണിയാണ് ജയിച്ചത്.

അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി.എ. ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതുമുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍.

2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി.എ. ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്. ജൂലൈ 10-നായിരുന്നു ബാലന്‍ മാസ്റ്റര്‍ അന്തരിച്ചത്.

മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലന്‍ മാസ്റ്റര്‍. 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

3000ല്‍ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാണ് മില്‍മ.

LEAVE A REPLY

Please enter your comment!
Please enter your name here