ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായതിനും ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആ സമയം ഉടന്‍ വരും. വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം. അധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ല- നീതി ആയോഗ്(ആരോഗ്യം) അംഗം വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാമാരിക്ക് നമ്മെ മുറിവേല്‍പിക്കാന്‍ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നും പോള്‍ പറഞ്ഞു.
പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടുവെന്നും അതിനാല്‍ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കില്‍ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സര്‍വേയുടെ പശ്ചാത്തലത്തിലാണ് പോളിന്റെ പരാമര്‍ശം. അതേസമയം, സ്‌കൂളുകള്‍ തുറക്കാമെന്നും വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്നുമല്ല സര്‍വേ ഫലം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന്റെ ഒരു ഘടകം മാത്രമാണ് കുട്ടികളിലെ സീറോ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ചുള്ള കണ്ടെത്തല്‍ എന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകള്‍ വീണ്ടും തുറക്കുക എന്നത് വ്യത്യസ്തമായ ഒരു വിഷയമാണ്. അത് കുട്ടികളെ കുറിച്ച് മാത്രമുള്ളതല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉള്‍പ്പെട്ടതാണ്. ആര്‍ജിത പ്രതിരോധ ശേഷിയെന്നത് വെറും അഭ്യൂഹം മാത്രമാണ്. വൈറസ് രൂപം മാറുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളില്‍ കോവിഡിന്റെ തീവ്രത കുറവാണ്, എന്നാല്‍ നാളെ ഗുരുതരമായാല്‍ എന്തുചെയ്യും-പോള്‍ ആരാഞ്ഞു.
കോവിഡ് ഒന്നാംതരംഗം അവസാനിച്ചതിനു പിന്നലെ ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാംതരംഗം ആരംഭിച്ചതിനു പിന്നാലെ ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറുകയായിരുന്നു.