ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മെസ്സേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. അവരുടെ വിവാദ സ്വകാര്യതാനയത്തിനെതിരെ ഉയർന്ന വലിയ പ്രതിഷേധവും സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സർക്കാരിെൻറ പുതിയ ഐ.ടി നിയമവുമൊക്കെ വാടസ്ആപ്പിന് വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. എന്നാൽ, ഇന്ത്യയിലടക്കം ആഗോളതലത്തിൽ തങ്ങൾക്കുള്ള ഭീമമായ യൂസർ ബേസിനെ നിലനിർത്താനായി വാട്‌സ്ആപ്പ് കിടിലൻ ഫീച്ചറുകളാണ് ഒാരോ വർഷവും ആപ്പിൽ ഉൾകൊള്ളിക്കാറുള്ളത്. അത്തരത്തിൽ മൂന്ന് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
മൂന്ന് പുതിയ സവിശേഷതകൾ വാട്ട്‌സ്ആപ്പിലേക്ക് വരുന്നുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും വാട്‌സ്ആപ്പ് തലവൻ വിൽ കാത്കാർട്ടുമാണ് വാട്‌സ്ആപ്പ് ബീറ്റ ഇൻഫോയോട് (WABetaInfo) സ്ഥിരീകരിച്ചത്. ഡിസപ്പിയറിംഗ് മോഡ്, വ്യൂ വൺസ്, മൾട്ടി ഡിവൈസ് എന്നീ സവിശേഷതകളാണ് വൈകാതെ യൂസർമാരിലേക്ക് എത്താൻ പോകുന്നത്.
കഴിഞ്ഞ വർഷം വാട്‌സ്ആപ്പ് പുറത്തുവിട്ട ഡിസപ്പിയറിങ് മെസ്സേജസ് എന്ന സവിശേഷതയിൽ നിന്നും ചെറിയൊരു മാറ്റത്തോടെയാണ് ഡിസപ്പിയറിങ് മോഡ് എത്തുന്നത്. നേരത്തെ ഒരേ ചാറ്റിലും ഗ്രൂപ്പുകളിലും പ്രത്യേകമായി നൽകിയ ഇൗ ഫീച്ചർ, ഇനി വാട്സ്ആപ്പിെൻറ പ്രധാന സെറ്റിങ്സിൽ ‘ഡിസപ്പിയറിങ് മോഡ്’ എന്ന പേരിൽ തന്നെ ലഭ്യമാക്കും. അത് ഒാൺ ചെയ്താൽ മുഴുവൻ ചാറ്റിലും മെസ്സേജുകൾ അപ്രത്യക്ഷമാവുന്ന ഫീച്ചർ ഒരേ സമയം ആക്ടീവാകും.
യൂസർമാർ അയക്കുന്ന സന്ദേശം അത് ലഭിച്ച വ്യക്തി ഒരുതവണ കണ്ടതിന് ശേഷം അപ്രത്യക്ഷമായിപ്പോകുന്ന ഫീച്ചറാണ് ‘വ്യൂ വൺസ്’. നാമയക്കുന്ന ടെക്സ്റ്റ് മെസ്സേജുകൾ, ഫോേട്ടാ, വിഡിയോ എന്നിവ സ്വീകർത്താവിന് ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഒരു തവണ തുറക്കാൻ കഴിയും. അതേസമയം, അയച്ച സന്ദേശം സ്ക്രീൻഷോട്ട് എടുക്കാൻ കഴിയുമെന്ന മുന്നറിയിപ്പും മാർക്ക് സുക്കർബർഗ് നൽകുന്നുണ്ട്.
ഒരേ സമയം ഒരു നമ്പറിലുള്ള വാട്‌സ്ആപ്പ് പല ഉപകരണങ്ങളിൽ ഉപയോഗിക്കാനാവുന്ന ഫീച്ചറാണ് മൾട്ടി ഡിവൈസ് സപ്പോർട്ട്. ഇൗ ഫീച്ചർ വാട്‌സ്ആപ്പ് കഴിഞ്ഞ കുറച്ചുകാലമായി ടെസ്റ്റ് ചെയ്തുവരികയായിരുന്നു. രണ്ട് മാസങ്ങൾക്കുള്ളിൽ പബ്ലിക് ബീറ്റ വേർഷനായി ആളുകൾക്ക് ലഭ്യമാക്കി തുടങ്ങും. പ്രധാന ഡിവൈസിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും അതുവഴി സൈൻ-ഇൻ ചെയ്ത മറ്റുള്ള ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് തടസ്സമില്ലാതെ ഉപയോഗിക്കാം എന്നതാണ് ഇൗ ഫീച്ചർ നൽകുന്ന ഏറ്റവും മികച്ച സൗകര്യം. ഇൗ ഫീച്ചർ വരുന്നതോടെ ഒരേ സമയം നാല് ഡിവൈസുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കാം.