ഐ.പി.എല്‍ 15ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. നിലവില്‍ ടീമിലുള്ള വെറും മൂന്നു പേരെ മാത്രമേ ആര്‍ടിഎം വഴി ഒരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താനാവുകയുള്ളൂ. ഇത് ഏറ്റവും തിരിച്ചടിയാവുക മുംബൈ ഇന്ത്യന്‍സിനാണ്. നിരവധി മികച്ച താരങ്ങളെ ടീമിന് കൈവിടേണ്ടി വരും.
എന്നിരുന്നാലും നിലനിര്‍ത്തേണ്ട മൂന്നു താരങ്ങളുടെ കാര്യത്തില്‍ മുംബൈയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് കരുതേണ്ടത്. വിന്‍ഡീസ് സൂപ്പര്‍ താരം കീറോണ്‍ പൊള്ളാര്‍ഡിനെയും, ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയെയും പേസര്‍ ജസ്പ്രീത് ബുംറയെയുമാകും മുംബൈ നിലനിര്‍ത്തുക.
2010 മുതല്‍ ടീമിന്റെ ഭാഗമായ പൊള്ളാര്‍ഡിനെ വിട്ടുകളിക്കാന്‍ മുംബൈ മുതിരില്ലെന്നു തന്നെ വേണം കരുതാന്‍. കാരണം ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. തനിച്ച് ടീമിനെ വിജയിപ്പിക്കാനുള്ള അസാധാരണ മികവും നേതൃത്വ പാഠവവും പൊള്ളാര്‍ഡിനുണ്ട്.
2013ല്‍ മുംബൈയ്ക്കൊപ്പം ഐ.പി.എല്ലില്‍ അരങ്ങേറിയ ബുംറ നിലവില്‍ ക്രിക്കറ്റ് ലോകത്തെ മുന്‍നിര പേസറാണ്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റുകളില്‍ ഒരാളുമാണ് ബുംറ. അതിനാല്‍ ബുറയെ കൈവിടാനും മുംബൈ മുതിരില്ല. പിന്നെ നായകന്‍ രോഹിത് ശര്‍മ്മ. ഇതുവരെ മുംബൈ ചൂടിയ അഞ്ച് കിരീടങ്ങളും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. രോഹിത്തിനെ നിലനിര്‍ത്താന്‍ അത് തന്നെ ധാരാളം.