മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്, നെസ്‌കഫെ തുടങ്ങി തങ്ങളുടെ ഭക്ഷണപാനീയങ്ങളില്‍ 60 ശതമാനം ഉല്‍പ്പന്നങ്ങളും അനാരോഗ്യകരമെന്ന് നെസ്‌ലെ. നെസ്‌ലെയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്രതന്നെ പരിശ്രമിച്ചാലും ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യകരമായിരിക്കില്ലെന്നും കമ്പനി പറഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമങ്ങളുമായി കമ്പനി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചോക്ലേറ്റ് ഉള്‍പ്പടെയുള്ളവയാണ് അനാരോഗ്യപരമായ വസ്തുക്കളുടെ പട്ടികയിലുള്ളത്. അതേസമയം ബേബി ഫുഡ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കോഫി, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിെന്റ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ ഉയര്‍ന്ന തസ്തികകളിലുള്ള എക്‌സിക്യൂട്ടീവുകള്‍ക്ക് അയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആസ്‌ട്രേലിയയിലെ ഫുഡ് റേറ്റിങ്ങില്‍ കമ്പനിയുടെ 37 ശതമാനം ഉല്‍പന്നങ്ങള്‍ 5ല്‍ 3.5 ലധികം സ്റ്റാര്‍ നേടിയിട്ടുണ്ട്. വെള്ളവുമായും പാലുമായും ബന്ധപ്പെട്ട കമ്പനി ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണനിലവാരം പുലര്‍ത്തുന്നാതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉല്‍പന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉല്‍പന്നങ്ങളുമാണ് 3.5 സ്റ്റാറില്‍ അധികം നേടിയിട്ടുള്ളത്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നെസ്‌ലെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.