മഞ്ചേശ്വരം കോഴ: കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും, പണം വീണ്ടെടുക്കാൻ അന്വേഷണസംഘം

0
228

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും. ഇതിനായി അന്വേഷണസം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം രഹസ്യ മൊഴി എടുക്കാൻ തീരുമാനിച്ചത്. അന്വേഷണസംഘം സമർപ്പിച്ച അപേക്ഷ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഇന്ന് പരിഗണിച്ചേക്കും.

അതിനിടെ സുന്ദരയ്ക്ക് കോഴയായി ലഭിച്ച രണ്ടര ലക്ഷത്തിൽ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലുള്ള ഒരു ലക്ഷത്തിന് പുറമേ ബാക്കിയുള്ള ഒന്നര ലക്ഷം രൂപ കൂടി കണ്ടെടുക്കാൻ അന്വേഷണസംഘം നീക്കം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര ലക്ഷവും ചെലവായി പോയെന്നായിരുന്നു സുന്ദരയുടെ മൊഴി.  ഇത് ആർക്കൊക്കെയാണ് കൊടുത്തതെന്ന് കണ്ടെത്തി പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. രണ്ടരലക്ഷത്തിൽ ഒരുലക്ഷം രൂപ സുന്ദര സുഹൃത്തിന്റെ സഹായത്തോടെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിപ്പണം മുഴുവനായും കണ്ടെത്തുന്നത് കേസിന് കൂടുതൽ ശക്തിപകരും.

ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. മുഴുവൻ തുകയും ചെലവായിട്ടുണ്ടാവില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സുന്ദര മറ്റൊരു സുഹൃത്തിന്റെ കൈവശം സൂക്ഷിക്കാൻ നൽകിയ തുകയെപ്പറ്റിയും ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കേസിൽ കെ. സുന്ദര, അമ്മ ബേട്ജി, ബന്ധു, പരാതിക്കാരൻ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പണം ലഭിച്ചതായി കെ. സുന്ദരയും അമ്മ ബേട്ജിയും സമ്മതിച്ചിട്ടുണ്ട്. കേസിൽ നിലവിൽ കെ. സുരേന്ദ്രനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here