ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 22 ലക്ഷം രൂപയുടെ സ്വർണവും വിദേശ സിഗററ്റുകളുമായി കാസർകോട് സ്വദേശിയായ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായിൽ നിന്നെത്തിയ 32-കാരനാണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച സ്വർണവും വിദേശ സിഗററ്റുകളും കണ്ടെത്തിയത്. 18 ലക്ഷം രൂപ വിലമതിക്കുന്ന 399.2 ഗ്രാമിന്റെ രണ്ടു സ്വർണമാലയും 3.9 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗററ്റുകളുമാണ് പിടിച്ചെടുത്തത്. മാർച്ച് ഏഴിന് മംഗളൂരു വിമാനത്താവളത്തിൽനിന്നാണ് ഇയാൾ ദുബായിലേക്കു പോയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.