തുറക്കുമ്പോൾ കരുതാം; ഇന്നുമുതൽ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

0
403

തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗണിന്റെ കഠിനകാലം പിന്നിട്ട് കേരളം വ്യാഴാഴ്ച ഭാഗികമായി തുറക്കുന്നത് കരുതലോടെ. രണ്ടുതരത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും.

  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കാതെ സംസ്ഥാനമാകെ ബാധകമായ പൊതുനിർദേശങ്ങൾ.
  • ഏഴുദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലാക്കി തിരിച്ചുള്ള ഇളവുകൾ.

തദ്ദേശസ്ഥാപനങ്ങൾ നാലുതരം

എ വിഭാഗം– ടി.പി.ആർ.- എട്ടുശതമാനത്തിൽ താഴെ (രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങൾ). ഇവിടെ നിയന്ത്രണങ്ങളോടെ സാധാരണപ്രവർത്തനങ്ങൾ അനുവദിക്കും.

ബി വിഭാഗം– ടി.പി.ആർ. 8-20 (മിതമായ രോഗവ്യാപനമുള്ള സ്ഥലങ്ങൾ). ഇവിടെ ഭാഗിക ലോക്ഡൗൺ.

സി വിഭാഗം– ടി.പി.ആർ. 20-30 (രോഗവ്യാപനം ഉയർന്ന സ്ഥലങ്ങൾ). ഇവിടെ സമ്പൂർണ ലോക്ഡൗൺ

ഡി വിഭാഗം– ടി.പി.ആർ. 30-നുമുകളിൽ (രോഗവ്യാപനം അതിരൂക്ഷമായ സ്ഥലങ്ങൾ). ഇവിടെ ട്രിപ്പിൾ ലോക്ഡൗൺ

കൃഷി, വ്യവസായം, നിർമാണ പ്രവർത്തനങ്ങൾ അനുവദനീയം

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കാർഷിക, വ്യാവസായിക, നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും. തൊഴിലാളികളുടെ വരവിനും പോക്കിനും വാഹനഗതാഗതവും അനുവദിക്കും. അസംസ്കൃതവസ്തുക്കളും പാക്കേജിങ് സാമഗ്രികൾ വിൽക്കുന്ന കടകളും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ തുറക്കാം.

സർക്കാർ ഓഫീസുകൾ തുറക്കുന്നു

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് എല്ലാദിവസവും മതിയായ ഉദ്യോഗസ്ഥരെവെച്ച് പ്രവർത്തിക്കാം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ 50 ശതമാനം ഉദ്യോഗസ്ഥർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിക്കെത്തണം.

എ, ബി വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽ പൊതുമേഖലാസ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഓഫീസുകളിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ നാലിലൊന്ന് ജീവനക്കാരെവെച്ച് ദിവസവും പ്രവർത്തിക്കാം. മറ്റുജീവനക്കാർക്ക് വീട്ടിൽനിന്ന് ജോലിയെടുക്കാം.

ബാങ്കുകൾ മൂന്നുദിവസംതന്നെ

ബാങ്കുകളും ധനകാര്യസ്ഥാപനസ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽമാത്രം. ജൂൺ 17-നും 19-നും 22-നും ബാങ്കുകൾക്ക് പൊതുഅവധി.

വർക്ക് ഷോപ്പ് തുറക്കാം, വീട്ടിലെത്തി അറ്റകുറ്റപ്പണി നടത്താം

വാഹന വർക്ക് ഷോപ്പുകളും അനുബന്ധസ്ഥാപനങ്ങളും തുറക്കാം. ഇലക്‌ട്രിക്കൽ, പ്ലംബിങ് സേവനങ്ങളും ലിഫ്റ്റ്, എ.സി. യന്ത്രങ്ങൾ എന്നിവ വീടുകളിലെത്തി നന്നാക്കുന്നതും അനുവദിക്കും. എന്നാൽ, സമ്പൂർണ ലോക്ഡൗൺ ബാധകമായ സി വിഭാഗം തദ്ദേശ സ്ഥാപനങ്ങളിൽ റിപ്പയറിങ് ഷോപ്പുകൾക്ക് വെള്ളിയാഴ്ച ഏഴുമുതൽ ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ.

പൊതുപരിപാടികൾക്കും വിനോദസഞ്ചാരത്തിനും വിലക്ക്

പൊതുപരിപാടികൾ പാടില്ല. വിവാഹങ്ങൾക്കും ശവസംസ്കാരത്തിനും 20 പേർ മാത്രം. വിനോദസഞ്ചാരവും ഹാളുകൾക്കുള്ളിലെ വിനോദ പരിപാടികളും പാടില്ല. മാളുകളും തുറക്കില്ല.

എ വിഭാഗത്തിൽ എല്ലാകടകളും സ്ഥാപനങ്ങളും തുറക്കാം

സംസ്ഥാനമാകെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം. ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, റേഷൻ, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്കാണ് തുറക്കാൻ അനുമതി. പക്ഷികൾക്കും കന്നുകാലികൾക്കുമുള്ള തീറ്റക്കടകളും തുറക്കാം.

എ വിഭാഗം– എ വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽ അക്ഷയകേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാകടകളും സ്ഥാപനങ്ങളും ദിവസവും രാവിലെ ഏഴുമുതൽ ഏഴുവരെ പ്രവർത്തിക്കാം. പകുതി ജീവനക്കാരേ പാടുള്ളൂ.

ബി വിഭാഗം– അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ദിവസവും ഏഴുമുതൽ ഏഴുവരെ പ്രവർത്തിക്കാം. മറ്റുകടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പകുതിജീവനക്കാരുമായി ഏഴുമുതൽ ഏഴുവരെ പ്രവർത്തിക്കാം. ഇവിടങ്ങളിൽ എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽമാത്രം പ്രവർത്തിക്കാം. പകുതി ജീവനക്കാർമാത്രം. അക്ഷയകേന്ദ്രങ്ങൾ ഏഴുമുതൽ ഏഴുവരെ.

സി വിഭാഗം– അവശ്യസാധന കടകൾക്ക് ദിവസവും ഏഴുമുതൽ ഏഴുവരെ തുറക്കാം. കല്യാണ ആവശ്യത്തിനുള്ള തുണികൾ, ആഭരണങ്ങൾ, ചെരുപ്പുകൾ എന്നിവ വിൽക്കുന്ന കടകൾക്ക് വെള്ളിയാഴ്ചമാത്രം രാവിലെ ഏഴുമുതൽ ഏഴുവരെ മാത്രം തുറക്കാം. വിദ്യാർഥികൾക്കാവശ്യമുള്ള ബുക്കുകൾ തുടങ്ങിയ വിൽക്കുന്നവയ്ക്കും റിപ്പയർ ഷോപ്പുകൾക്കും വെള്ളിയാഴ്ചമാത്രം ഏഴുമുതൽ ഏഴുവരെ പ്രവർത്തിക്കാം.

പരീക്ഷകൾ നടത്താം

പൊതുപരീക്ഷകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ലോക്‌ ഡൗൺ പ്രദേശത്തുനിന്ന് പരീക്ഷയെഴുതാൻ വരുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും വ്യവസ്ഥയുണ്ട്.

ഓട്ടോ,ടാക്‌സി, ബസ് വ്യവസ്ഥകളോടെ 

എ വിഭാഗം – ഓട്ടോ, ടാക്‌സി, സര്‍വീസ് അനുവദിച്ചിട്ടുണ്ട്. ടാക്‌സിയില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്നുപേര്‍ക്കും ഓട്ടോയില്‍ രണ്ടുപേര്‍ക്കും യാത്ര ചെയ്യാം. കുടുംബാംഗങ്ങളാണെങ്കില്‍ എണ്ണം ബാധകമല്ല.

മറ്റുസ്ഥലങ്ങള്‍: ചികിത്സാ ആവശ്യങ്ങള്‍ക്കും ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് വരാനും പോകാനും ഓട്ടോ, ടാക്‌സി, (ഊബര്‍, ഒല) ഉള്‍പ്പടെ യാത്രയാവാം. യാത്രക്കാരുടെ എണ്ണം എ വിഭാഗത്തിലേത് പോലെ.

കെ.എസ്.ആര്‍.ടി.സി.,സ്വകാര്യ ബസുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് നടത്താം. എന്നാല്‍ സി,ഡി വിഭാഗം മേഖലയില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. ജില്ല വിട്ടുളള യാത്രയ്ക്ക് സത്യവാങ്മൂലം കരുതണം

ഹോട്ടലുകളിൽ ഇരുന്നുകഴിക്കാൻ പാടില്ല 

ഹോട്ടലുകളിലും റെേസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. എ-വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽ ഏഴുമുതൽ ഏഴുവരെ പാഴ്‌സലും രാത്രി 9.30 വരെ ഹോം ഡെലിവറിയും ഉണ്ടാവും. ബി, സി വിഭാഗങ്ങളിൽ ഏഴുമുതൽ ഏഴുവരെമാത്രം. ഡി വിഭാഗത്തിൽ ഹോംഡെലിവറിമാത്രം.

മദ്യം എയിലും ബിയിലും മാത്രം

ബാറുകൾക്കും ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകൾക്കും പ്രവർത്തിക്കാൻ അനുവാദമുള്ളത് എ, ബി വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽമാത്രം. ബാറുകളിൽനിന്ന് പാഴ്‌സൽ മാത്രമേ പാടുള്ളൂ. കള്ളുഷാപ്പുകളിൽനിന്ന് പാഴ്‌സൽ അനുവദിച്ചിട്ടുണ്ട്.

എയിലും ബിയിലും കളിക്കാം, നടക്കാം

ശാരീരികസ്പർശമില്ലാത്ത, വാതിൽപ്പുറ കായികയിനങ്ങൾ എ, ബി വിഭാഗത്തിൽപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിൽ അനുവദിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തവും ആകാം.

വീട്ടുജോലിക്കാർക്കും സ്വാതന്ത്ര്യം

രോഗവ്യാപനം കുറഞ്ഞ എ, ബി വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽ വീട്ടുജോലിക്കുപോകുന്നവരെ യാത്രചെയ്യാൻ അനുവദിക്കും.

ബുധനാഴ്ച അറിയാം, എല്ലാം ടി.പി.ആർ. തീരുമാനിക്കും

ഒരു തദ്ദേശസ്ഥാപനത്തിൽ എന്തെല്ലാം നിയന്ത്രണങ്ങൾ വേണമെന്നു തീരുമാനിക്കുന്നത് ടി.പി.ആർ. അനുസരിച്ചാണ്. ഏഴുദിവസത്തെ ടി.പി.ആറിന്റെ ശരാശരി കണക്കാക്കി ആ തദ്ദേശസ്ഥാപനം ഏതുവിഭാഗത്തിൽ വരുമെന്ന് പ്രഖ്യാപിക്കും. ബുധനാഴ്ചതോറും കളക്ടറാണിത് പ്രഖ്യാപിക്കുന്നത്.

ടി.പി.ആർ. കൂടിയാൽ കൂടുതൽ നിയന്ത്രണങ്ങൾ. കുറഞ്ഞാൽ കൂടുതൽ ഇളവുകൾ. അടുത്ത ബുധനാഴ്ചവരെ ആ സ്ഥിതി തുടരും.

ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ

ഇളവുകൾ ശനി, ഞായർ ദിവസങ്ങളിൽ ബാധകമല്ല. ആ ദിവസങ്ങളിൽ സംസ്ഥാനമാകെ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here