തിരുവനന്തപുരം: അപര സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി പൊലീസ്. കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കാസർകോട് കോടതിയിൽ നൽകി. മഞ്ചേശ്വരത്തെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് ഒരുങ്ങുന്നത്.
അപര സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ ആണ് കാസർകോട് എസ്പിക്ക് പരാതി നൽകിയത്. എസ്പിക്ക് നൽകിയ പരാതി ബധിയടുക്ക പൊലീസിന് കൈമാറി. പരാതിക്കാരന്റെയും സുന്ദരയുടെയും മൊഴി രേഖപ്പെടുത്തും. വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം തുടങ്ങി.
ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് സുന്ദര പറഞ്ഞത്. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.