കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ നൽകിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഇടത് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കാണ് സിപിഎം നേതാവും കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാനുമായ രമേശന്റെ പരാതി. കെ സുന്ദരയ്ക്ക് പണം നൽകി പത്രി പിൻവലിപ്പിച്ചത് ക്രിമിനൽ കുറ്റമെന്ന് പരാതിയിൽ പറയുന്നു. ഐപിസി 171(ബി) വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ കെ സുന്ദര 462 വോട്ടുകൾ പിടിച്ചു. ബി എസ് പി സ്ഥാനാർത്ഥിയായാണ് കെ സുന്ദര മത്സരിച്ചത്. അന്ന് കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾ മാത്രമാണ്. സുന്ദരയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് വ്യക്തമാക്കി. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നു. ബിജെപി കര്‍ണാടക നേതൃത്വമാണ് പണം ഒഴുക്കിയതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയാൽ കേരളം ഞെട്ടുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ..
എന്നാൽ സുന്ദരയുടെ വെളിപ്പെടുത്തല്‍ അപ്പാടെ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത് രംഗത്തെത്തി. എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീകാന്ത് പറഞ്ഞു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ് – സിപിഎം ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.