കുട്ടികളില്‍ കോവിഡ് തീവ്രത വര്‍ധിച്ചേക്കാം; ജാഗ്രത വേണം: നിതി ആയോഗ്

0
284

ന്യൂഡൽഹി∙ കുട്ടികളില്‍ കോവിഡിന്‍റെ തീവ്രത വര്‍ധിക്കാനിടയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് നിതി ആയോഗ്. വാക്സീനുകള്‍ ഒറ്റ ഡോസായി കുറയ്ക്കുന്നതും മാറി നല്‍കുന്നതും പരിഗണനയിലില്ലെന്ന് നിതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ. പോള്‍ അറിയിച്ചു. ജൂലൈയില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിനിടെ ആശ്വാസമായി പ്രതിദിന രോഗബാധയും മരണസംഖ്യയും ആക്ടീവ് കേസുകളും കുറഞ്ഞു.

കോവിഡ് ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കുറവാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ രോഗാവസ്ഥ തീവ്രമാകാം. കോവിഡ് മാറിയതിന് ശേഷവും തുടര്‍ച്ചയായ പനി അടക്കം കുട്ടികള്‍ക്ക് മറ്റ് അസുഖങ്ങളുണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്നും നിതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ പറഞ്ഞു. കോവാക്സീനും കോവിഷീല്‍ഡും രണ്ട് ഡോസ് തന്നെ തുടര്‍ന്നും നല്‍കും. ഒറ്റ ഡോസായി കുറയ്ക്കില്ല.

4–ാമത് സിറോ സര്‍വേ ഈ മാസം നടത്തും. കുട്ടികളിലെയും ഗ്രാമങ്ങളിലെയും രോഗവ്യാപനം കണ്ടെത്തുന്നതിനാകും മുഖ്യപരിഗണന. 24 മണിക്കൂറിനിടെ 1,27,510 പേർക്കാണ് രാജ്യത്ത് കോവിഡ് പോസിറ്റീവായത്. 2,55,287 രോഗമുക്തര്‍. 2,795 ജീവന്‍ നഷ്ടമായി.  54 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിത്. ആക്ടീവ് കേസുകള്‍ 43 ദിവസത്തിന് ശേഷം 20 ലക്ഷത്തില്‍ താഴെയായി. 36 ദിവസത്തിനിടെ ആദ്യമായി മരണം മൂവായിരത്തില്‍ താഴെ. ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 6.62 ശതമാനമാണ്. തുടര്‍ച്ചയായ എട്ടാം ദിവസവും പോസറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്. കോവിഡ് മൂന്നാംതരംഗമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വാക്സീന്‍ ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഈ മാസം 12 കോടി ഡോസ് വാക്സീന്‍ ലഭ്യമാക്കും.

അടുത്തമാസം 20 കോടി ഡോസ്. ഒാഗസ്റ്റില്‍ 25 കോടി ഡോസ്. വാക്സിനേഷന്‍റെ വേഗം കൂട്ടാന്‍ ഗ്രാമീണമേഖലകളില്‍ കൂടുതല്‍ മൊബൈല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാലയിലെ കാപ്പ, ഡല്‍റ്റ എന്നീ പേരുകള്‍ നല്‍കാന്‍ ലോകാരോഗ്യസംഘടന തീരുമാനിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here