കാസർകോട് ∙ സെഞ്ചുറിയടിച്ച് ജില്ലയിൽ പെട്രോൾ വില. ഞായറാഴ്ച 29 പൈസ കൂടി വർധിച്ചതോടെയാണ് ജില്ലയിൽ പ്രിമിയം പെട്രോളിന്റെ വില ആദ്യമായി 100 കടന്നത്. ഒരു ലീറ്റർ പ്രിമിയം പെട്രോളിന് 100 രൂപ 12 പൈസയാണ് ഇന്നലത്തെ വില. സാധാരണ പെട്രോളിന് 96.57 രൂപയും. ഡീസലിന് 32 പൈസ വർധിച്ച് 91.98 രൂപയായി. കഴിഞ്ഞ 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധന വില കൂട്ടിയത്.
കാസർകോട് ടൗണിൽ പ്രീമിയം പെട്രോൾ വില നൂറു കടന്നെങ്കിലും കാഞ്ഞങ്ങാട്, നീലേശ്വരം മേഖലകളിൽ പ്രീമിയം പെട്രോളിന്റെ വില നൂറിനു താഴെയാണ്. ഇവിടെയും സെഞ്ചുറി അടിക്കാൻ തയാറായി 100നു തൊട്ടരികിലാണ് വില. മംഗളൂരുവിൽ നിന്നാണു കാസർകോടേക്ക് പെട്രോളും ഡീസലും എത്തുന്നതെങ്കിലും കോഴിക്കോടു നിന്നുള്ള ട്രാൻസ്പോർട്ടേഷൻ കണക്കാക്കിയാണ് കമ്പനികൾ വില നിശ്ചയിക്കുന്നത്. അതിനാൽ കാസർകോടു നിന്നു ഉപ്പള, മഞ്ചേശ്വരം ഭാഗത്തേക്കു പോകുംതോറും പെട്രോൾ വില പിന്നെയും കൂടും.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലത്തെ പെട്രോൾ വില
∙കാസർകോട് : സാധാരണ പെട്രോൾ: 96.57, പ്രീമിയം: 100.12
∙കാഞ്ഞങ്ങാട് : സാധാരണ പെട്രോൾ: 96.22, പ്രീമിയം 99.61
∙നീലേശ്വരം : സാധാരണ പെട്രോൾ: 96.11, പ്രീമിയം 99.50