വാഷിംഗ്ടൺ: ജനങ്ങളെ കൊണ്ട് ഏതു വിധേനയും കൊവിഡ് വാക്സിൻ എടുപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇപ്പോൾ അധികാരികൾക്ക് ഉള്ളത്. അതിനു വേണ്ടി അവർ ഏതറ്റം വരെയും പോകും, പല വാഗ്ദാനങ്ങളും നൽകും. എന്നാൽ എല്ലാവരെയും കടത്തിവെട്ടുന്ന വാഗ്ദാനമാണ് ഇപ്പോൾ അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ അധികൃതർ നൽകിയിരിക്കുന്നത്. അവിടെ ഒരു ഡോസ് കൊവിഡ് വാക്സിൻ എടുത്താൽ കൂടെ സൗജന്യമായി നൽകുന്നത് കഞ്ചാവ് ആണ്. വാഷിംഗ്ടണിൽ മുതിർന്നവരിൽ 54 ശതമാനം പേർ മാത്രമാണ് ഇതുവരെയായും വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളത്.
2012 മുതൽ വാഷിംഗ്ടണിൽ വിനോദത്തിനു വേണ്ടിയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ മാസം വാഷിംഗ്ടണിലെ ബാറുകളിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സൗജന്യമായി മദ്യം നൽകാൻ അധികാരികൾ തീരുമാനിച്ചിരുന്നു. എന്നാൽ അതു കൊണ്ടും വാക്സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടാകാത്തതിനാലാണ് ഇപ്പോൾ ഒരു പടി കൂടി കടന്ന് കഞ്ചാവ് നൽകാൻ അധികാരികൾ തീരുമാനപ്പെടുത്തത്.
അതേസമയം അമേരിക്കയിലെ കാലിഫോർണിയയിലും ഒഹിയോയിലും വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ ലോട്ടറിയും ക്യാഷ് പ്രൈസുകളും നൽകുകയാണ്.അരിസോണയിലെ ലഹരിവസ്തുക്കൾ വിൽക്കുന്ന ഒരു സ്ഥാപനം വാക്സിൻ സ്വീകരിക്കുന്നവർക്ക് സൗജന്യമായി തങ്ങളുടെ ഉത്പന്നങ്ങൾ നൽകും എന്ന പരസ്യം ചെയ്തിരുന്നു.
അമേരിക്കയുടെ സ്വാതന്ത്യ ദിനമായ ജൂലായ് 4ന് മുമ്പായി കുറഞ്ഞത് 70 ശതമാനം അമേരിക്കൻ പൗരന്മാർക്കെങ്കിലും ഒരു ഡോസ് വാക്സിൻ എങ്കിലും നൽകണമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു.