മംഗളൂരു ∙ വിപണിയിൽ കുറഞ്ഞത് 16.80 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുകളുമായി മലയാളി യുവാവ് മംഗളൂരുവിൽ പിടിയിൽ. വടകര മുട്ടങ്കൽ വെസ്റ്റ് വി.എം.ഹൗസിൽ മുഹമ്മദ് അജ്‌നാസിനെ(25) ആണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരിറാം ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
കേരളത്തിലും കർണാടകയിൽ മംഗളൂരു മേഖലയിലും ഗോവയിലും ഉൾപ്പെടെ ഇയാൾ ലഹരി മരുന്നുകൾ വിതരണം ചെയ്തിരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ അറിയിച്ചു.മൊത്തം 15 ഗ്രാമിലേറെ തൂക്കം വരുന്ന 840 സ്ട്രിപ് എൽഎസ്ഡിയാണു പിടികൂടിയത്. വിപണിയിൽ സ്ട്രിപ്പിന് 2,000 രൂപ മുതൽ 6,000 രൂപ വരെയാണു വില.
ഈ കണക്കിൽ മംഗളൂരുവിൽ പിടികൂടിയ എൽഎസ്ഡിക്ക് 16.80 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ വിപണി വിലയുണ്ട്. മംഗളൂരുവിൽ പഠിക്കാനെത്തിയ പ്രതി പിന്നീടു ലഹരി മരുന്നു വ്യാപാരത്തിലേക്കു തിരിഞ്ഞതായാണു വിവരം. നഗരത്തിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ലഹരി വ്യാപാരം നടത്തുന്നത്.